ഇനി എല്ലാവര്‍ക്കും ഉംറ നിര്‍വഹിക്കാനാവില്ല; പ്രായപരിധി നിശ്ചയിച്ച് സൗദി
വിദേശ രാജ്യങ്ങളില്‍നിന്നു ഉംറക്ക് വരുന്നവരുടെ പ്രായം 18നും 50നും ഇടയില്‍ ആയിരിക്കണമെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്.
റിയാദ്: ഉംറ നിര്‍വഹിക്കാനെത്തുന്ന വിദേശികള്‍ക്ക് പ്രായ പരിധി നിശ്ചയിച്ച് സൗദി അറേബ്യ. വിദേശ രാജ്യങ്ങളില്‍നിന്നു ഉംറക്ക് വരുന്നവരുടെ പ്രായം 18നും 50നും ഇടയില്‍ ആയിരിക്കണമെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്.ഉംറ നിര്‍വഹിക്കാനും മസ്ജിദുല്‍ ഹറമില്‍ നമസ്‌കരിക്കാനും ഉളള അനുമതി പത്രം ലഭിക്കാന്‍ നിശ്ചയിച്ച പ്രായം 18നും 50നും ഇടയിലാണെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
മക്ക മസ്ജിദുല്‍ ഹറാമിലെ പ്രവേശനത്തിന് ആഭ്യന്തര ഉംറ തീര്‍ഥാടകരും പെര്‍മിറ്റ് നേടണം. അനുമതി പത്രമില്ലാതെ ഹറമിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നും കുട്ടികളെ കൂടെ കൊണ്ടു വരരുതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 12 വയസിന് മുകളിലുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമേ ഉംറക്ക് പെര്‍മിറ്റ് ലഭിക്കൂ. ഇവര്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തിരിക്കണം.
സൗദി അറേബ്യക്ക് പുറത്ത് നിന്ന് വരാന്‍ ഉംറ വിസ ലഭിക്കണം എങ്കില്‍ അതത് രാജ്യങ്ങളിലെ ഔദ്യോഗിക ട്രാവല്‍ ഏജന്‍സികളെ ബന്ധപ്പെടാനും നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഏജന്‍സികള്‍ക്ക് സൗദിയിലെ ഉംറ കമ്പനികളുമായി കരാര്‍ ഉണ്ടാകണം. യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാര്‍ അംഗീകൃത കൊവിഡ് വാക്‌സിന്റെ ഡോസുകള്‍ പൂര്‍ത്തിയാക്കിയിരിക്കണം. കൂടാതെ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള ഔദ്യോഗിക രേഖകള്‍ സമര്‍പ്പിക്കുകയും വേണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യക്ക് പുറത്ത് നിന്ന് വരുന്നവര്‍ക്ക് ഇഅ്തമര്‍ന, തവക്കല്‍നാ ആപ്ലിക്കേഷനുകള്‍ വഴി ഉംറക്കും മസ്ജിദുല്‍ ഹറാമിലെ നമസ്‌കാരത്തിനും നേരിട്ട് പെര്‍മിറ്റ് നല്‍കുന്ന സേവനം കഴിഞ്ഞ ദിവസമാണ് മന്ത്രാലയം ആരംഭിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ 'ഖുദൂം' ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തുവേണം രാജ്യത്തേക്ക് വരാന്‍. ഇവിടെ എത്തിയതിന് ശേഷം നേരിട്ട് പെര്‍മിറ്റ് ലഭിക്കുന്ന സേവനം ലഭ്യമാകും. പുതിയ സേവനത്തിന് ഇഅ്തമര്‍ന, തവക്കല്‍നാ ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.