സന്തോഷ സൂചികയില്‍ സൗദിക്ക് 25ാം സ്ഥാനം; സന്തോഷിക്കാന്‍ വകയില്ലാതെ ഇന്ത്യ

മുന്‍ വര്‍ഷത്തേതു പോലെ ഫിന്‍ലാന്‍ഡാണ് സന്തോഷ സൂചികയില്‍ ഏറ്റവും മുന്നിലുള്ള രാജ്യം. അഞ്ചാം തവണയാണ് ഫിന്‍ലാന്‍ഡ് സന്തോഷ സൂചികയില്‍ ഒന്നാമതെത്തുന്നത്.

Update: 2022-03-21 06:20 GMT

ജിദ്ദ: ലോകത്തെ ഏറ്റവും സന്തോഷമുള്ള ജനതയുടെ പട്ടിക പുറത്തുവരുമ്പോള്‍ സന്തോഷിക്കാന്‍ വകയില്ലാതെ ഇന്ത്യ. 156 രാജ്യങ്ങളുടെ പട്ടികയില്‍ അവസാന പത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ഇടംപിടിക്കാനായത് എന്നതാണ് കാരണം. കഴിഞ്ഞ തവണയും അവസാന പത്തിലായിരുന്നു ഇന്ത്യയുടെ സ്ഥാനം.

മുന്‍ വര്‍ഷത്തേതു പോലെ ഫിന്‍ലാന്‍ഡാണ് സന്തോഷ സൂചികയില്‍ ഏറ്റവും മുന്നിലുള്ള രാജ്യം. അഞ്ചാം തവണയാണ് ഫിന്‍ലാന്‍ഡ് സന്തോഷ സൂചികയില്‍ ഒന്നാമതെത്തുന്നത്.

അതേസമയം, ജിസിസി രാജ്യങ്ങളില്‍ സൗദി അറേബ്യയാണ് പട്ടികയില്‍ ഏറ്റവും മുമ്പിലുള്ളത്. 25ാം സ്ഥാനമാണ് സൗദിക്ക് ലഭിച്ചത്. 2021ല്‍ രാജ്യം ആഗോളതലത്തില്‍ 26ാം സ്ഥാനത്തായിരുന്നു. ആഗോളതലത്തില്‍ കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ക്കിടയിലും രാജ്യം കടന്നുപോയതും വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ പുരോഗതിയുമാണ് സന്തോഷ സൂചികയില്‍ സ്ഥിരമായ മികവിന് കാരണമായത്.

156 രാജ്യങ്ങളുടെ സന്തോഷ സൂചകങ്ങള്‍ പ്രതിവര്‍ഷം അളക്കുന്ന യുഎന്നിന്റെ സുസ്ഥിര വികസന സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്ക് ആണ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഫിന്‍ലന്‍ഡിനു പിറകെ ഡെന്‍മാര്‍ക്ക്, ഐസ്‌ലന്‍ഡ്, സ്വിസര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ള രാജ്യങ്ങള്‍.

ലോകസന്തോഷ സൂചികയില്‍ 146 രാജ്യങ്ങളുടെ പട്ടികയില്‍ 136ാം സ്ഥാനത്ത് ഇന്ത്യ. അയല്‍രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശിനും ചൈനക്കും പുറകിലാണ് ഇന്ത്യയുടെ സ്ഥാനം. പട്ടികയില്‍ 121 ാം സ്ഥാനത്താണ് പാകിസ്താന്‍. ബംഗ്ലാദേശാകട്ടെ 94ാം സ്ഥാനത്തും. ചൈന 72ാം സ്ഥാനത്താണ്.

അഫ്ഗാനിസ്താനാണ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍. വരുമാനം, ആയുര്‍ദൈര്‍ഘ്യം, പ്രശ്‌ന സമയങ്ങളിലെ പരാശ്രയം, മഹാമനസ്‌കത, സ്വാതന്ത്ര്യം, വിശ്വാസം, എന്നീ ആറ് പ്രധാന കാര്യങ്ങളെ ആസ്പദമാക്കിയാണ് സന്തോഷ പട്ടിക യുഎന്‍ തയ്യാറാക്കുന്നത്.

സാംബിയ (137), മലാവി (138), ടാന്‍സാനിയ (139), സിയേറ ലിയോണ്‍ (140), ലെസോത്തോ (141), ബോട്‌സ്വാന (142), റുവാണ്ട (143), സിംബാബ്‌വേ (144), ലെബനന്‍ (145), അഫ്ഗാനിസ്ഥാന്‍ (146) എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.

Tags:    

Similar News