സൗദിയില്‍ 4 തൊഴിലുകളില്‍കൂടി സ്വദേശിവത്കരണം ഏര്‍പ്പെടുത്തുന്നു

Update: 2022-05-07 10:19 GMT

റിയാദ്: സൗദിയില്‍ നാല് തൊഴിലുകളില്‍കൂടി സ്വദേശിവത്കരണം ഏര്‍പ്പെടുത്തുന്ന നിയമം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഓഫിസ് സെക്രട്ടറി, ട്രാന്‍സ്‌ലേറ്റര്‍, സറ്റോര്‍ കീപ്പര്‍, ഡാറ്റാ എന്‍ട്രി എന്നീ ജോലികളാണ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. ഇതോടെ 20,000 തൊഴിലവസരങ്ങളാണ് വിദേശികള്‍ക്ക് നഷ്ടമാകുന്നത്.

ഇത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ ഒക്ടോബറില്‍ മാനവവിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഈ നാല് തൊഴില്‍ മേഖലകളിലെ നൂറ്ശതമാനം തസ്തികകളും സ്വദേശികള്‍ക്ക് വേണ്ടി മാത്രമുള്ളതായിരിക്കും. സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയുടെ ഭാഗമാണ് ഇതും.

സ്വദേശികളായ യുവതീ-യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും മന്ത്രാലയം നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.

ട്രാന്‍സ്‌ലേറ്റര്‍, സ്‌റ്റോര്‍ കീപ്പര്‍ എന്നീ ജോലികള്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പളം അയ്യായിരം റിയാലാണ്. അഞ്ചില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനത്തിലെ 30 ശതമാനം മാര്‍ക്കറ്റിങ് ജോലികള്‍ സ്വദേശിവത്കരിക്കാനുള്ള തീരുമാനവും മന്ത്രാലയം ഉടന്‍ നടപ്പിലാക്കും.

Tags:    

Similar News