ഹമാസ് നയതന്ത്രപ്രതിനിധിയെ 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ച് സൗദി; സിയോണിസ്റ്റ് ഉത്തരവ് പ്രകാരമെന്ന് ഹമാസ്

'ഫലസ്തീന്‍ പ്രതിരോധത്തെയും ഹമാസിനെയും പിന്തുണച്ചു' എന്ന കുറ്റം ചുമത്തിയാണ് സൗദി അറേബ്യയില്‍ താമസിക്കുന്ന ഫലസ്തീനികള്‍ക്കെതിരെ റിയാദ് നടപടി സ്വീകരിച്ചത്.

Update: 2021-08-09 10:58 GMT

റിയാദ്: ഹമാസ് നയതന്ത്രപ്രതിനിധി മുഹമ്മദ് അല്‍ ഖോദരിയെ 15 വര്‍ഷം തടവിന് ശിക്ഷിച്ച് സൗദി അറേബ്യന്‍ കോടതി. ഖോദരിയുടെ മകന്‍ ഹാനിക്ക് മൂന്നു വര്‍ഷവും മറ്റ് 22 ഫലസ്തീനികള്‍ക്ക് അഞ്ച് മുതല്‍ 25 വര്‍ഷം വരെയും തടവിന് ശിക്ഷിച്ചിട്ടുണ്ടെന്ന് ഖോദരിയുടെ കുടുബം അറിയിച്ചു. 'ഫലസ്തീന്‍ പ്രതിരോധത്തെയും ഹമാസിനെയും പിന്തുണച്ചു' എന്ന കുറ്റം ചുമത്തിയാണ് സൗദി അറേബ്യയില്‍ താമസിക്കുന്ന ഫലസ്തീനികള്‍ക്കെതിരെ റിയാദ് നടപടി സ്വീകരിച്ചത്.

രാജ്യത്തുടനീളമുള്ള വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്ന തടവുകാരെ റിയാദിലെത്തിച്ചാണ് ശിക്ഷ വിധിച്ചതെന്ന് ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചു. തടവുകാര്‍ക്കെതിരായ വിധി അപ്രതീക്ഷിതമെന്ന് ഗസയിലെ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മഹമൂദ് അല്‍ സഹര്‍ പ്രതികരിച്ചു. 'സയണിസ്റ്റ് ഉത്തരവുകള്‍ക്കു വഴങ്ങിയാണ് ശിക്ഷാ വിധിയെന്നും ഫലസ്തീനിലെ അര്‍ഹതപ്പെട്ടവര്‍ക്ക് സൗദിയുടെ സംഭാവന നല്‍കുന്നത് സൗദി അറേബ്യയ്‌ക്കെതിരായ കുറ്റമാണോയെന്നും അദ്ദേഹം ചോദിച്ചു. സൗദി വിധിയെ ബ്രിട്ടനിലെ അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (AOHR UK) അപലപിച്ചു.

ജോര്‍ദാനികളും ഫലസ്തീനികളുമായ 69 തടവുകാര്‍ക്കെതിരായ ഒരു കേസില്‍, അന്യായവും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതുമായ വിചാരണയില്‍ ഫലസ്തീന്‍ ജനതയെ പിന്തുണച്ചതിനാണ് ആ ശിക്ഷകള്‍ വിധിച്ചതെന്ന് അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് കുറ്റപ്പെടുത്തി.

സൗദി ജുഡീഷ്യറിയുടെ വിധിന്യായം 'ഫലസ്തീന്‍ ജനതയ്‌ക്കെതിരായ കര്‍ശന ഉപരോധത്തെ പിന്തുണയ്ക്കുകയും അവരുടെ ഫലസ്തീന്‍ എന്ന ലക്ഷ്യത്തെ അവസാനിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയുള്ളതാണെനനും സംഘടന കുറ്റപ്പെടുത്തി.

82കാരനായ ഖോദരിയും അദ്ദേഹത്തിന്റെ മകന്‍ ഹാനിയും 2019ന്റെ തുടക്കം മുതല്‍ സൗദിയില്‍ തടവിലാണ്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിതനായ ഖോദരിക്ക് വൈദ്യ സഹായം ലഭ്യമല്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

ഏപ്രിലില്‍, സുരക്ഷാ സേന അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് ചെയ്യുകയും 70 വയസ്സുള്ള ഭാര്യ വെജ്ദാനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ, ഭര്‍ത്താവിന്റെ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നു തടയുന്ന ഒരു കരാറില്‍ ഒപ്പിടാനും അവരെ സുരക്ഷാ സൈന്യം നിര്‍ബന്ധിച്ചിരുന്നു.

Tags:    

Similar News