പുരുഷ രക്ഷിതാവില്ലാതെ ഒറ്റക്ക് താമസിക്കാന്‍ വനിതകള്‍ക്ക് അനുമതി നല്‍കി സൗദി

ശരീഅ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 169 ബി വകുപ്പ് പ്രകാരം പ്രായപൂര്‍ത്തിയായ അവിവാഹിതരോ വിവാഹമോചിതരോ വിധവകളോ ആയ സ്ത്രീകളുടെ ഉത്തരവാദിത്തം പുരുഷ രക്ഷകര്‍ത്താവിനായിരുന്നു. എന്നാല്‍, ഇത് റദ്ദാക്കി പകരം പുതിയ നിയമ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചട്ടം ഭേദഗതി ചെയ്തിരിക്കുന്നത്.

Update: 2021-06-11 07:36 GMT

റിയാദ്: ചരിത്ര വിധിയുമായി സൗദി അറേബ്യ. പുരുഷ രക്ഷിതാവിന്റെയോ വലിയ്യിന്റേയോ സമ്മതമില്ലാതെ തന്നെ അവിവാഹിതരോ വിവാഹമോചിതരോ വിധവകളോ ആയ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക താമസിക്കാന്‍ അനുമതി നല്‍കി സൗദി അറേബ്യ. 

ശരീഅ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 169 ബി വകുപ്പ് പ്രകാരം പ്രായപൂര്‍ത്തിയായ അവിവാഹിതരോ വിവാഹമോചിതരോ വിധവകളോ ആയ സ്ത്രീകളുടെ ഉത്തരവാദിത്തം പുരുഷ രക്ഷകര്‍ത്താവിനായിരുന്നു. എന്നാല്‍, ഇത് റദ്ദാക്കി പകരം പുതിയ നിയമ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചട്ടം ഭേദഗതി ചെയ്തിരിക്കുന്നത്.

ഭേദഗതി പ്രകാരം അവിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ സ്വന്തം താമസ സ്ഥലങ്ങളില്‍ താമസിക്കാനാവും. എവിടെ താമസിക്കണമെന്ന് തിരഞ്ഞെടുക്കാന്‍ പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവകാശമുണ്ട്, അവള്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ രക്ഷിതാവിന് അവളുടെ ഇഷ്ടത്തിനെതിരേ നിലകൊള്ളാന്‍ കഴിയൂ, ഒരു സ്ത്രീക്ക് ജയില്‍ ശിക്ഷ ലഭിക്കുകയാണെങ്കില്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം അവളെ രക്ഷകര്‍ത്താവിന് കൈമാറില്ല എന്നീ മൂന്നു വാചകങ്ങളാണ് നിയമ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയത്.

പുതിയ നിയമപ്രകാരം ഒറ്റയ്ക്ക് താമസിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍മക്കള്‍ക്കെതിരേ കുടുംബങ്ങള്‍ക്ക് ഇനിമേല്‍ കോടതിയെ സമീപിക്കാനാവില്ലെന്ന് അഭിഭാഷകനായ നൈഫ് അല്‍ മന്‍സി പറയുന്നു. നേരത്തെ മുന്‍ഗണന നല്‍കിയ ഇത്തരം കേസുകള്‍ കോടതികള്‍ക്ക് ഇനി സ്വീകരിക്കാനുമാകില്ല.

32കാരിയായ സൗദി എഴുത്തുകാരി മറിയം അല്‍ ഉതൈബി പിതാവിന്റെ അനുമതിയില്ലാതെ ഒറ്റയ്ക്ക് താമസിച്ചതിനും തനിച്ച് യാത്ര ചെയ്തതിനുമെതിരേ കുടുംബം നല്‍കിയ പരാതിയില്‍ മൂന്നുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിജയിച്ചിരുന്നു. കേസില്‍ 2020 ജൂലൈയില്‍ വന്ന വിധിയില്‍ 'എവിടെയാണ് താമസിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം' യുവതിക്കുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം ആദ്യം, 18 വയസ്സിനു മുകളിലുളഅള സ്ത്രീകളെ രക്ഷാധികാരിയുടെ അനുമതിയില്ലാതെ അവരുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ പേര് മാറ്റാന്‍ സൗദി അറേബ്യ അനുവദിച്ചിരുന്നു. 21 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും സ്വതന്ത്രമായി യാത്ര ചെയ്യാനുമുള്ള വിലക്ക് 2019 ല്‍ സൗദി നീക്കം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം വാഹനമോടിക്കുന്നതിനും സൗദി അനുവാദം നല്‍കിയിരുന്നു.

Tags:    

Similar News