'ലാഭേച്ഛയില്ലാത്ത നഗരം': അറിയാം പുതിയ സൗദി നഗരത്തിന്റെ വിശേഷങ്ങള്‍

ലാഭം ലക്ഷ്യമാക്കാതെയുള്ള, ലോകത്തിലെ ആദ്യത്തെ നോണ്‍ പ്രോഫിറ്റ് സിറ്റിയാണ് തലസ്ഥാന നഗരമായ റിയാദില്‍ സ്ഥാപിക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Update: 2021-11-16 08:29 GMT

റിയാദ്: ലാഭേച്ഛയില്ലാത്ത ലോകത്തിലെ ആദ്യ നഗരം ഒരുക്കുകയാണ് സൗദി അറേബ്യ. ആഗോളതലത്തില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മേഖലയുടെ വികസനത്തിന് പ്രചോദനമേകുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ നഗരം ഒരുങ്ങുന്നത്. ലാഭം ലക്ഷ്യമാക്കാതെയുള്ള, ലോകത്തിലെ ആദ്യത്തെ നോണ്‍ പ്രോഫിറ്റ് സിറ്റിയാണ് തലസ്ഥാന നഗരമായ റിയാദില്‍ സ്ഥാപിക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പദ്ധതി നടപ്പാക്കുന്നത് റിയാദിലെ അര്‍ഗ ഡിസ്ട്രിക്റ്റില്‍

റിയാദിലെ അര്‍ഗ ഡിസ്ട്രിക്റ്റിലാണ് ഈ സിറ്റി പദ്ധതി നടപ്പാക്കുന്നത്. യുവജനങ്ങള്‍ക്കും സന്നദ്ധ വിഭാഗങ്ങള്‍ക്കും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും വേണ്ടിയാണ് ഇങ്ങനെയൊരു നഗരം പണി കഴിപ്പിക്കുന്നത്. യുവതി യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും തൊഴില്‍ പരിശീലന പരിപാടികളും നഗരം പ്രദാനം ചെയ്യും. നഗരത്തിന്റെ ഗുണഭോക്താക്കള്‍ക്ക് ആകര്‍ഷകമായ അന്തരീക്ഷമായിരിക്കും പുതിയ നഗരത്തിന് കീഴില്‍ ഒരുക്കുക.

ഡിജിറ്റല്‍ ട്വിന്‍

ഡിജിറ്റല്‍ ട്വിന്‍ എന്ന ആശയം സ്വീകരിച്ചായിരിക്കും നഗരത്തിന്റെ പ്രവര്‍ത്തനം. നിരവധി അക്കാദമികള്‍, കോളജുകള്‍, മിസ്‌ക് സ്‌കൂളുകള്‍ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കും. കൂടാതെ കോണ്‍ഫറന്‍സ് സെന്റര്‍, സയന്‍സ് മ്യൂസിയം, ഇന്നൊവേഷന്‍ സെന്റര്‍ എന്നിവയും ഉള്‍പ്പെടും. നിര്‍മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ആന്‍ഡ് റോബോട്ടിക്‌സ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട് ഗാലറി, പെര്‍ഫോമിങ് ആര്‍ട്‌സ് തിയേറ്ററുകള്‍, കളിസ്ഥലം എന്നിവയ്ക്കും, ലോകമെമ്പാടുമുള്ള വെഞ്ച്വര്‍ ക്യാപിറ്റലിനും കമ്മ്യൂണിറ്റി നിക്ഷേപകര്‍ക്കും നഗരം ആതിഥേയത്വം വഹിക്കും.

ഇത്തരത്തിലുള്ള ആദ്യത്തെ ലാഭേച്ഛയില്ലാത്ത നഗരം നവീകരണത്തിനും സംരംഭകത്വത്തിനും ഒപ്പം മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫൗണ്ടേഷന്റെ മിസ്‌ക് ചാരിറ്റിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സംഭാവന ചെയ്യുമെന്ന് കിരീടവകാശി പറഞ്ഞു.അക്കാദമികള്‍, കോളജുകള്‍, സ്‌കൂളുകള്‍ തുടങ്ങി വൈജ്ഞാനിക, വിദ്യാഭ്യാസ രംഗത്തെ ഉന്നതവും ഗുണമേന്മയുമുള്ള ലോകോത്തര സ്ഥാപനങ്ങള്‍ നഗരത്തില്‍ സ്ഥാപിക്കപ്പെടും.

കോണ്‍ഫ്രന്‍സ് ഹാള്‍, സയന്‍സ് മ്യൂസിയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ്, റോബോട്ടിക്‌സ് തുടങ്ങിയ നൂതന സംവിധാനങ്ങളുള്ള, ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ നടക്കുന്ന 'നവീകരണ കേന്ദ്ര'വും നഗരത്തിലുണ്ടാകും. ആര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടും ഗാലറി, പെര്‍ഫോമിങ് ആര്‍ട്‌സ് തിയേറ്ററുകള്‍, കളിസ്ഥലം, പാചക കളരി, പാര്‍പ്പിട സമുച്ചയം എന്നിവയും നഗരത്തിലുണ്ടായിരിക്കും.

സംരഭകര്‍ക്ക് പണം മുടക്കാന്‍ അവസരം

ലോകമെമ്പാടുമുള്ള സംരംഭകര്‍ക്ക് ഈ നഗരത്തില്‍ പണം മുടക്കാന്‍ അവസരമുണ്ടാകും. 'പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നോണ്‍ പ്രോഫിറ്റ് സിറ്റി' എന്നായിരിക്കും നഗരത്തിന്റെ പേര്. റിയാദ് നഗരത്തെ ചുറ്റി സ്ഥിതി ചെയ്യുന്ന നീരൊഴുക്കുള്ള ഹരിത താഴ്‌വരയായ 'വാദി ഹനീഫ'യോട് ചേര്‍ന്നുള്ള അര്‍ഗ ഡിസ്ട്രിക്റ്റിലാണ് 3.4 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ നഗരം നിര്‍മിക്കുന്നത്. നഗരത്തിലെ മൊത്തം പ്രദേശത്തിന്റെ 44 ശതമാനം തുറന്ന ഹരിത ഇടങ്ങളായിരിക്കും.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന നഗരം രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ട് പ്രഖ്യാപിക്കപ്പെട്ട ഏറ്റവും പുതിയതും ബൃഹത്തായതയുമായ പദ്ധതിയാണ്. മെഗാസിറ്റി, നിയോം പോലെയുള്ള മറ്റു വന്‍കിട പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും രാജ്യത്ത് പുരോഗമിക്കുകയാണ്. 2030ഓടെ ഇവയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News