സൗദി കിരീടവകാശിയുടെ ഗള്‍ഫ് മേഖലാ പര്യടനത്തിന് തുടക്കം

മുഹമ്മദ് രാജകുമാരന്‍ ഒമാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ് എന്നിവ സന്ദര്‍ശിക്കുമെന്ന് സൗദിയുടെ ഉടമസ്ഥതയിലുള്ള അല്‍ അറേബ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

Update: 2021-12-06 18:31 GMT

റിയാദ്: ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ആണവ ഉടമ്പടി സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ണായക ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഈ മാസം നടക്കുന്ന വാര്‍ഷിക ഗള്‍ഫ് ഉച്ചകോടിക്ക് മുന്നോടിയായി സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എംബിഎസ്) ഗള്‍ഫ് അറബ് രാജ്യങ്ങളില്‍ പര്യടനം തുടങ്ങി.

മുഹമ്മദ് രാജകുമാരന്‍ ഒമാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ് എന്നിവ സന്ദര്‍ശിക്കുമെന്ന് സൗദിയുടെ ഉടമസ്ഥതയിലുള്ള അല്‍ അറേബ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം നടക്കാനിരിക്കുന്ന ജിസിസി ഉച്ചകോടി ഗള്‍ഫ് രാഷ്ട്രീയ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ സഹകരണത്തിലും വികസനത്തിലും നാഴികക്കല്ലാകുന്ന സുപ്രധാന പ്രഖ്യാപനങ്ങള്‍ ജിസിസി ഉച്ചകോടിയിലുണ്ടായേക്കുമെന്നാണ് സൂചന. ജിസിസി ഉച്ചകോടി തുടങ്ങുന്നതിന് മുന്നോടിയായാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഗള്‍ഫ് പര്യടനത്തിന് ഒരുങ്ങുകയാണ്.

ഇതിന്റെ ഭാഗമായി ഖത്തറിലേക്ക് ബിന്‍ സല്‍മാന്‍ എത്തുമ്പോല്‍ ചരിത്ര മുഹൂര്‍ത്തത്തിനാണ് ഗള്‍ഫ് സാക്ഷ്യം വഹിക്കുക. മറ്റ് ജിസിസി രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. ശേഷമായിരിക്കും ജിസിസി ഉച്ചകോടി നടക്കുക.

മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒമാനില്‍ നിന്നാണ് ഗള്‍ഫ് പര്യടനം തുടങ്ങുന്നത്. തിങ്കളാഴ്ച ഒമാനിലെത്തിയ അദ്ദേഹം സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ചര്‍ച്ച നടത്തി. ഒട്ടേറെ വാണിജ്യസഹകരണ ഉടമ്പടികളില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. സൗദി അറേബ്യയും ഒമാനും ബന്ധം ദൃഢമാക്കുകയാണെന്ന് ഒമാന്‍ റോയല്‍ കോര്‍ട്ട് അറിയിച്ചു.

ഒമാനില്‍ നിന്ന് യുഎഇയിലേക്കാണ് ബിന്‍ സല്‍മാന്‍ പോകുക. ശേഷം ബഹ്‌റയ്ന്‍ സന്ദര്‍ശിച്ച് ഖത്തറിലെത്തും. പിന്നീട് കുവൈത്ത് പര്യടനം കൂടി കഴിഞ്ഞ് അദ്ദേഹം സൗദിയിലേക്ക് മടങ്ങും. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം ശക്തിപ്പെടുത്തുകയാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ യാത്രയുടെ ഉദ്ദേശം. ജിസിസി ഉച്ചകോടിയുടെ അജണ്ട ഈ പര്യടനത്തില്‍ തീരുമാനമാകും.

ജിസിസിയില്‍ ഒരുപക്ഷവും ചേരാതെ നില്‍ക്കുന്ന രാജ്യമാണ് ഒമാന്‍. സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ അതിന്റെ ഭാഗമാകാതെ നിന്നു ഒമാന്‍. സമവായ നീക്കങ്ങള്‍ക്ക് കുവൈത്ത് ശ്രമിച്ചപ്പോഴും ഒമാന്‍ സ്വന്തമായ നിലപാടുമായി മുന്നോട്ട് പോകുകയായിരുന്നു. ഇറാനുമായി സഹകരണമുള്ള ഗള്‍ഫ് രാജ്യം കൂടിയാണ് ഒമാന്‍.

സൗദി കിരീടവകാശിയുടെ തിങ്കളാഴ്ച ആരംഭിക്കുന്ന ജിസിസി പര്യടനം അഞ്ച് ദിവസം നീളും. ഓരോ രാജ്യങ്ങളിലും അദ്ദേഹം ഒരു ദിവസം തങ്ങും. പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തും. എല്ലാ രാജ്യങ്ങളും സൗദി കിരീടവകാശിയെ സ്വീകരിക്കാന്‍ ഒരുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രധാന സഹകരണങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും.

ഈ വര്‍ഷം ആദ്യത്തിലാണ് ജിസിസി ഉച്ചകോടി സൗദിയിലെ അല്‍ ഉലയില്‍ നടന്നത്. ജിസിസി രാജ്യങ്ങളുടെ ഐക്യം വീണ്ടും സാധ്യമായ ഉച്ചകോടിയായിരുന്നു അത്. ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ തീരുമാനിച്ചതും പിന്നീടുള്ള സഹകരണം ഏത് രീതിയിലാകണമെന്നും അല്‍ ഉലയില്‍ വച്ചാണ് തീരുമാനിച്ചത്. ഇതുപ്രകാരം ജിസിസി രാജ്യങ്ങളുടെ സഹകരണം ശക്തിപ്പെട്ടുവരുമ്പോഴാണ് അടുത്ത ജിസിസി ഉച്ചകോടി നടക്കാന്‍ പോകുന്നത്.

യമന്‍ യുദ്ധം, ഇറാന്‍ ആണവ പദ്ധതി എന്നിവയും ജിസിസി നേതാക്കളുടെ ചര്‍ച്ചയില്‍ മുഖ്യ ഇടംപിടിക്കും. ഈ മാസം 14നായിരിക്കും ജിസിസി ഉച്ചകോടി നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. തിയ്യതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ജിസിസിയുടെ 42ാം ഉച്ചകോടിയാണ് നടക്കാന്‍ പോകുന്നത്. തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളുമായി സൗദി സഖ്യം അകല്‍ച്ചയിലാണ്. പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന് ഖത്തര്‍ സൗദിയെയും യുഎഇയെയും അറിയിച്ചിരുന്നു.

ഗള്‍ഫ് മേഖലയില്‍ ഐക്യം വേണമെന്നാണ് ഖത്തറിന്റെ നിലപാട്. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാമെന്നും ഖത്തര്‍ പറയുന്നു. അടുത്തിടെ യുഎഇ-ഖത്തര്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

Tags:    

Similar News