ഹോര്‍ത്തൂസ് മലബാറിക്കൂസ് മലയാളത്തില്‍ എത്തിച്ച സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ.എസ് മണിലാല്‍ അന്തരിച്ചു

Update: 2025-01-01 04:38 GMT

തൃശൂര്‍: പത്മശ്രീ ജേതാവും സസ്യശാസ്ത്രജ്ഞനുമായ ഡോ. കെ എസ് മണിലാല്‍ (86) അന്തരിച്ചു. ഏറെനാളായി രോഗബാധിതനായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി വകുപ്പ് മുന്‍മേധാവിയുമായിരുന്നു കെ എസ് മണിലാല്‍. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന ലാറ്റിന്‍ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ്.

പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് 12 വാള്യങ്ങളുള്ള 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' തയ്യാറാക്കിയത്. ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിച്ച ലാറ്റിന്‍ ഗ്രന്ഥം, മൂന്നു നൂറ്റാണ്ടിനുശേഷം മണിലാലിന്റെ പ്രവര്‍ത്തനഫലമായാണ് ഇംഗ്ലീഷിലും മലയാളത്തിലും എത്തിയത്. 1958 മുതല്‍ നടത്തിയ പ്രവര്‍ത്തനമാണ്, 2003ല്‍ ഇംഗ്ലീഷ് പതിപ്പിന്റെയും 2008ല്‍ മലയാളം പതിപ്പിന്റെയും പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത്.

കാട്ടുങ്ങല്‍ എ സുബ്രഹ്മണ്യത്തിന്റെയും കെ കെ ദേവകിയുടെയും മകനായി 1938 സപ്തംബര്‍ 17ന് പറവൂര്‍ വടക്കേക്കരയിലായിരുന്നു ജനനം. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ നിന്ന് 1964 ല്‍ സസ്യശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി.

1999ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് വിരമിച്ച മണിലാല്‍, അതിന് ശേഷം കോഴിക്കോട് കേന്ദ്രമായി 'സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഇന്‍ഡീജനസ് നോളജ്, സയന്‍സ് ആന്‍ഡ് കള്‍ച്ചര്‍' എന്ന കൂട്ടായ്മയ്ക്ക് രൂപംനല്‍കി. ഭാര്യ: ജ്യോത്സ്‌ന. മകള്‍: അനിത. മരുമകന്‍: കെ പി പ്രീതന്‍.

Tags:    

Similar News