കാപ്പ ചുമത്താന്‍ പോലിസിന് അധികാരം: പോലിസ് രാജിനും രാഷ്ട്രീയ പകപോക്കലിനും വഴിയൊരുക്കും- പി ആര്‍ സിയാദ്

Update: 2022-12-21 10:52 GMT

തിരുവനന്തപുരം: കാപ്പ ചുമത്താനുള്ള അധികാരം പോലിസിന് നല്‍കാനുള്ള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തീരുമാനം പോലിസ് രാജിനും രാഷ്ട്രീയ പകപോക്കലിനായി നിയമം ദുരുപയോഗം ചെയ്യാനും ഇടയാക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. പരാതിക്കാര്‍ ഇല്ലാതെ എടുക്കുന്ന കേസും കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന് (കാപ്പ )പരിഗണിക്കാനുള്ള തീരുമാനം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴിയൊരുക്കും. കാപ്പ ചുമത്താനുള്ള അധികാരം ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായ കലക്ടര്‍മാരില്‍ നിന്ന് പോലീസുകാരിലേക്ക് കൈമാറാനാണ് ഇടതു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം 734 കാപ്പ അറസ്റ്റുകള്‍ക്ക് പോലിസ് അനുമതി തേടിയതില്‍ കലക്ടര്‍മാര്‍ അനുവദിച്ചത് 245 എണ്ണം മാത്രമായിരുന്നു. പുതിയ ഭേദഗതി എത്രമാത്രം നിയമ ദുരുപയോഗത്തിന് വഴിവെക്കും എന്നതിന്റെ തെളിവാണിത്.

കൂടാതെ രാഷ്ട്രീയ സ്വഭാവമുള്ള കേസുകളില്‍ ഐപിസി പ്രകാരം ഗുരുതര കുറ്റകൃത്യമാണെങ്കില്‍ കാപ്പ ചുമത്താമെന്നും പുതിയ നിയമം അനുശാസിക്കുന്നു. പക്ഷപാതത്തിന്റെയും വിവേചനത്തിന്റെയും പേരില്‍ കേരളാ പോലീസിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായ ഭേദഗതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പോലും എതിര്‍ചേരികളില്‍ പെട്ടവരെ ഏകപക്ഷീയമായി കാപ്പാ കേസുകളില്‍ പെടുത്താന്‍ പോലീസിന് അമിതാധികാരം നല്‍കുന്നതാണ് പുതിയ തീരുമാനം. പോലീസിനെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ എതിരാളികളെ തടവിലാക്കാന്‍ ഭരണകൂടത്തിന് പഴുതൊരുക്കുന്നതാണ് ഈ നിയമഭേദഗതി. ജനാധിപത്യവിരുദ്ധമായ ഭേദഗതി അടിയന്തരമായി പിന്‍വലിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്ന് പി ആര്‍ സിയാദ് ആവശ്യപ്പെട്ടു.

Similar News