സ്വയം പ്രഖ്യാപിത സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്‍ യോഗാ സെന്ററില്‍ പോലിസ് റെയ്ഡ്

Update: 2024-10-02 07:01 GMT

ചെന്നൈ: സ്വയം പ്രഖ്യാപിത സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്‍ യോഗാ സെന്ററില്‍ പോലിസ് റെയ്ഡ്. മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. 150 പോലിസ് ഉദ്യോഗസ്ഥരുടെ സംഘമാണ് തിരച്ചില്‍ നടത്തിയത്. അസിസ്റ്റന്റ് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മൂന്ന് ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ അടങ്ങുന്ന ഓപ്പറേഷനാണ് നടന്നത്.ജഗ്ഗി വാസുദേവനും ഇഷ ഫൗണ്ടേഷനുമെതിരെ നടപടികളുമായി ഇക്കഴിഞ്ഞ ദിവസമാണ് മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയത്.

ഇഷ ഫൗണ്ടേഷനെതിരായുള്ള എല്ലാ ക്രിമിനല്‍ കേസുകളിലും മദ്രാസ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. സ്ഥാപനത്തിനെതിരെയുള്ള എല്ലാ കേസുകളുടെയും വിവരം തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. തന്റെ രണ്ട് പെണ്‍മക്കള്‍ക്കുവേണ്ടി കോയമ്പത്തൂര്‍ സ്വദേശിയായ വിരമിച്ച പ്രൊഫസര്‍ എസ് എസ് കാമരാജിന്റെ സമര്‍പ്പിച്ച ഹെബിയസ് കോര്‍പ്പസ് ഹരജിയിലാണ് ഹൈക്കേടതിയുടെ പരാമര്‍ശം. തന്റെ പെണ്‍മക്കള്‍ കുടുംബം ഉപേക്ഷിച്ച് ഇഷ സെന്ററില്‍ ജീവിക്കുന്നു എന്നായിരുന്നു ഹരജി.

തന്റെ രണ്ട് പെണ്‍മക്കളെ തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി കേന്ദ്രത്തില്‍ തടവിലാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയത്. യോഗ സെന്റര്‍ അവിടെ എത്തുന്ന വ്യക്തികളെ ഉപദേശങ്ങള്‍ നല്‍കി സന്യാസിമാരാക്കി മാറ്റുകയും കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്യുകയാണെന്ന് കാമരാജ് ആരോപിച്ചു. നല്ല വിദ്യാഭ്യാസ യോഗ്യതയുള്ള തന്റെ മക്കളെ ബ്രെയിന്‍ വാഷ് ചെയ്ത് ഫൗണ്ടേഷനില്‍ താമസിപ്പിക്കുന്നു. മനം മാറ്റിയതിലൂടെയാണ് പെണ്‍മക്കള്‍ തന്നെ വിട്ടുപോയതെന്നാണ് അദ്ദേഹം വാദിച്ചത്.

ജസ്റ്റിസുമാരായ എസ്എം സുബ്രമണ്യം, വി ശിവജ്ഞാനം എന്നിവരായിരുന്നു കേസ് പരിഗണിച്ചത്. ഇഷ ഫൗണ്ടേഷനെതിരെ നിരവധി ക്രിമിനല്‍ പരാതികള്‍ ഉള്ളതിനാല്‍ വിഷയത്തില്‍ കൂടുതല്‍ പരിശോധന വേണമെന്നും കോടതി പറഞ്ഞു. 'ഫൗണ്ടേഷനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളുടെ ഗൗരവതരവും അവിടെ താമസിക്കുന്നവര്‍ സംസാരിച്ച രീതിയും കണക്കിലെടുക്കുമ്പോള്‍, ആരോപണങ്ങളുടെ പിന്നിലെ സത്യാവസ്ഥ മനസിലാക്കാന്‍ കുറച്ചുകൂടി ആലോചനകള്‍ ആവശ്യമാണ്'- കോടതി അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയായിരുന്നു ഇഷ ഫൗണ്ടേഷന്‍ യോഗാ സെന്ററില്‍ പോലിസ് റെയ്ഡ് നടത്തിയത്.




Tags:    

Similar News