മുതിര്‍ന്ന ഹമാസ് നേതാവ് സലാഹ് അല്‍ ബര്‍ദാവില്‍ രക്തസാക്ഷിയായി

Update: 2025-03-23 03:52 GMT
മുതിര്‍ന്ന ഹമാസ് നേതാവ് സലാഹ് അല്‍ ബര്‍ദാവില്‍ രക്തസാക്ഷിയായി

ഗസ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 34 ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. ഖാന്‍ യൂനിസില്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന നേതാവ് സലാഹ് അല്‍ ബര്‍ദാവില്‍ രക്തസാക്ഷിയായെന്ന് ഹമാസ് അറിയിച്ചു. ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി അംഗമായ സലാഹ് അല്‍ ബര്‍ദാവിലിനൊപ്പം ഭാര്യയും രക്തസാക്ഷിയായതായി ഫലസ്തീനിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ വംശഹത്യ പുനരാംരഭിച്ച ചൊവ്വാഴ്ച്ച മുതല്‍ 634 ഫലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 1,172 പേര്‍ക്ക് പരിക്കേറ്റു.

സ്ഥാപക നേതാവ് ശെയ്ഖ് അഹമ്മദ് യാസീന്റെ പാതയില്‍ ഉറച്ചുനില്‍ക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചു. ശെയ്‌റ് അഹമ്മദ് യാസീന്റെ 21ാം രക്തസാക്ഷിത്വ വാര്‍ഷികത്തിലാണ് ഹമാസ് പ്രസ്താവന ഇറക്കിയത്.


അതേസമയം, തെക്കന്‍ ലബ്‌നാനിലെ നിരവധി പ്രദേശങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഏഴു ലബ്‌നാന്‍ പൗരന്‍മാര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. നാലുമാസം മുമ്പ് ലബ്‌നാന്‍ സര്‍ക്കാരും ഇസ്രായേലും തമ്മില്‍ ഒപ്പിട്ട കരാറിന്റെ നഗ്നമായ ലംഘനമായിരുന്നു ആക്രമണങ്ങള്‍. ലബ്‌നാനില്‍ നിന്നും ഇസ്രായേലിന് അകത്തേക്ക് മിസൈലുകള്‍ വന്നു എന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. എന്നാല്‍, ആരോപണം ഹിസ്ബുല്ല നിഷേധിച്ചു. ലബ്‌നാനില്‍ അധിനിവേശം തുടരാന്‍ ഇസ്രായേല്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് ഹിസുബുല്ല പ്രസ്താവനയില്‍ അറിയിച്ചു.

ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുന്നതിനിടെ ഹിസ്ബുല്ലയെ ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്ന് ലബ്‌നാനിലെ ചില ഗ്രൂപ്പുകള്‍ സിറിയന്‍ സര്‍ക്കാരിനോടും ഇസ്രായേലി സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചു. ലബ്‌നാന്‍ ഫോഴ്‌സസ് എന്ന സംഘടനയുടെ നേതാവായ ചാള്‍സ് ജബ്ബൂര്‍ ഹിസ്ബുല്ലക്ക് ഇറാനില്‍ നിന്നുള്ള സഹായം ലഭിക്കുന്ന വഴികള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കൂട്ടക്കൊല നടത്തിയിട്ടായിലും ഹിസ്ബുല്ലയെ ഇല്ലാതാക്കണമെന്നും ചാള്‍സ് ആവശ്യപ്പെട്ടു.

അതിനിടെ യെമനില്‍ യുഎസ് വ്യോമാക്രമണം ശക്തമാക്കി. ഹൊദൈദ വിമാനത്താവളത്തില്‍ മൂന്നു തവണയും ചെങ്കടല്‍ തുറമുഖമായ അസ് സലിഫില്‍ ഒരു തവണയുമാണ് ആക്രമണം നടത്തിയത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ യെമനെ ആക്രമിക്കുന്നതിനെതിരേ മുസ്‌ലിം ഉമ്മത്ത് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അന്‍സാര്‍ അല്ലാഹ് പ്രസ്ഥാനത്തിന്റെ പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Similar News