ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

പ്രായവും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്

Update: 2022-08-02 06:17 GMT

കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2021ല്‍ കൊയിലാണ്ടിയില്‍ വച്ച് എഴുത്തുകാരിയായ ദലിത് യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്.പ്രായവും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും എസ്‌സിഎസ്ടി നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുന്നുവെന്നും പ്രോസിക്യൂഷനും പരാതിക്കാരിയും വാദിച്ചിരുന്നു. സിവിക് ചന്ദ്രനെതിരെ സമാനമായ മറ്റൊരു കേസെടുത്ത കാര്യവും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

വടകര ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

തനിക്കെതിരായ പരാതി വ്യാജമാണെന്ന് സിവിക് ചന്ദ്രന്‍ വാദിച്ചു. ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്ത ആളാണ് താന്‍ എന്നും സിവിക് കോടതിയില്‍ പറഞ്ഞു. എസ്‌സിഎസ്ടി ആക്ട് നിലനില്‍ക്കില്ലെന്നും ഇത്തരത്തിലൊരു വിവേചനവും കാട്ടിയിട്ടില്ലെന്നും സിവിക്കിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. പരാതിക്കാരിയോട് വിവേചനപരമായി പെരുമാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും തെളിവുകളും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.

വാദത്തിനിടെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. കൂടുതല്‍ പരാതികള്‍ സിവികിനെതിരെ വരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സിവിക് ചന്ദ്രന്‍ അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ തെളിവായി പ്രോസിക്യൂഷനും പരാതിക്കാരിയും ഹാജരാക്കി. വാട്‌സാപ്പ് സന്ദേശങ്ങള്‍ തന്നെ പ്രതിയുടെ സ്വഭാവം വ്യക്തമാക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.



Tags:    

Similar News