ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം: ചൈല്‍ഡ് ലൈന്‍ മൊഴിയെടുത്തു
13 കാരനെ പീഡിപ്പിച്ച ആര്‍എസ്എസ് നേതാവിനെ സംരക്ഷിക്കാനാണ് സിഐ ഹണി കെ ദാസ് ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
പരപ്പനങ്ങാടി: ആര്‍എസ്എസ് ശാഖയില്‍ വെച്ച് 13കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചൈല്‍ഡ് ലൈന്‍ കുട്ടിയുടെ മൊഴിയെടുത്തു. ചെട്ടിപ്പടി കുപ്പിവളവിലെ ശാഖയില്‍ വെച്ച് പരിശീലകനായ വാകയില്‍ ഷിനോജ് സ്ഥിരമായി പീഡിപ്പിച്ചെന്ന് കുട്ടി മാതാവിനെയടക്കം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
കഴിഞ്ഞ ബുധനാഴ്ച ബന്ധുക്കള്‍ പരപ്പനങ്ങാടി പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ആര്‍എസ്എസ് നേതാവിനെ സംരക്ഷിക്കാനുള്ള നീക്കമാണ് നടത്തിയത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ആര്‍എസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് അയല്‍വാസിയായ പൊതുപ്രവര്‍ത്തകന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. കുട്ടിയുടെ ബന്ധുക്കളും, പീഡിപ്പിച്ചവനും സംഘ് പരിവാറുകാരായതിനാല്‍ സംഭവം ഒതുക്കാനായിരുന്നു നീക്കം. പൊതുപ്രവര്‍ത്തകന്‍ ഇടപെട്ടതോടെ ഇത് പരാജയപ്പെടുകയായിരുന്നു.
ഇന്ന് ഉച്ചയോടെ കുട്ടിയുടെ വീട്ടിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ രഹസ്യമൊഴിയെടുത്തു. സ്ഥലത്തെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുബ്രമണ്യനേയും കൂട്ടിയാണ് സംഘമെത്തിയത്.
അതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ മറ്റൊരു കൗണ്‍സിലര്‍ മൊഴിയെടുക്കുന്ന സമയത്തെത്തിയത് സംശയത്തിനിടയാക്കിയിട്ടുണ്ട്. പരാതിക്കാരെ സമര്‍ദ്ദത്തിലാക്കാനുള്ള നീക്കമാണിതിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പീഡനത്തിനിരയായ കുട്ടിയുടെ സുഹൃത്താണ് ഇന്നലെ മദ്‌റസയില്‍ നിന്ന് വരുമ്പോള്‍ ആക്രമിക്കപ്പെട്ടത്. പീഡനവിവരം കുട്ടികള്‍ തമ്മില്‍ പങ്ക് വെച്ചിട്ടുണ്ടാകുമെന്ന സംശയത്തിലാകാം സുഹ്യത്തായ മദ്‌റസ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടതെന്ന സംശയം നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. 13 കാരനെ പീഡിപ്പിച്ചെന്ന പരാതി, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി മൊഴിയെടുത്തിട്ടുണ്ടന്നും, മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മലപ്പുറം ചൈല്‍ഡ്‌ലൈന്‍ ഓഫിസില്‍ നിന്ന് അറിയിച്ചു. കൗണ്‍സിലിംഗിനു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ചൈല്‍ഡ് ലൈന്‍ അറിയിച്ചു. അതിനിടെ പരപ്പനങ്ങാടി സിഐക്കെതിരെ പോസ്റ്ററുകളുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയിട്ടുണ്ട്. 13 കാരനെ പീഡിപ്പിച്ച ആര്‍എസ്എസ് നേതാവിനെ സംരക്ഷിക്കാനാണ് സിഐ ഹണി കെ ദാസ് ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. പീഡന വീരന്‍ വാകയില്‍ ഷിനോജിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സിഐ ഹണി കെ ദാസിന്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം.