കടകള്‍ തകര്‍ത്തു, പിതാവ് മരിച്ചു, മകന്‍ ജയിലില്‍; മുസ്‌ലിം കുടുംബത്തെ തകര്‍ത്തെറിഞ്ഞ് ഡല്‍ഹി കലാപം
അക്രമം നടന്ന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, പോലിസ് വീട്ടിലെത്തുകയും ഷാനവാസിനെ തൂക്കിയെടുത്ത് കൊണ്ടുപോവുകയും ചെയ്തു.
ന്യൂഡല്‍ഹി: 2020 ഫെബ്രുവരി അവസാനം, പൊടുന്നനെ ആക്രോശവുമായി ജനക്കൂട്ടം പ്രത്യക്ഷപ്പെട്ടപ്പോള്‍, അക്രമി സംഘം തന്നെ ശ്രദ്ധിക്കാതെ കടന്നുപോവുമെന്ന പ്രതീക്ഷയോടെയാണ് 30 കാരനായ ഷാനവാസ് അന്‍സാരി തന്റെ കടയില്‍ ഒളിച്ചത്. എന്നാല്‍, പ്രതീക്ഷകള്‍ തകിടം മറിച്ച് വടികളും ബാറ്റണുകളും നാടന്‍ ബോംബുകളുമായെത്തിയ സംഘം കടയുടെ ഷട്ടറുകള്‍ തകര്‍ക്കുകയും ഷാനവാസിനെ പുറത്തേക്ക് വലിച്ചിഴച്ച് മര്‍ദ്ദനം തുടങ്ങി.
'അക്രമി സംഘത്തിലെ ചിലരെ അദ്ദേഹത്തിന് അറിയാമായിരുന്നു, തന്റെ ജീവനുവേണ്ടി കൂപ്പുകൈകളോടെ കേണപേക്ഷിച്ചതോടെ അവര്‍ അവനെ വിട്ടയച്ചു' -ഷാനവാസിന്റെ ഇളയ സഹോദരന്‍ ഷഹ്‌സെബ് അന്‍സാരി ആ ദിനം ഭീതിയോടെ ഓര്‍ത്തെടുത്തു.
ദേശീയ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങള്‍ അടുത്ത കാലം കണ്ട ഏറ്റവും വലിയ കലാപത്തിനാണ് സാക്ഷിയായത്. 50ല്‍ അധികം പേര്‍ കൊല്ലപ്പെട്ട ഹിന്ദുത്വ അതിക്രമത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശിവ് വിഹാര്‍ പ്രദേശത്തെ ഷാനവാസിന്റെയും പിതാവ് മുഹമ്മദ് റാഷിദിന്റെയും കടകള്‍ ഉള്‍പ്പെടെ മുഴുവന്‍ മാര്‍ക്കറ്റും അക്രമി സംഘം തീയിട്ട് നശിപ്പിച്ചിരുന്നു.
അക്രമം നടന്ന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, പോലിസ് വീട്ടിലെത്തുകയും ഷാനവാസിനെ തൂക്കിയെടുത്ത് കൊണ്ടുപോവുകയും ചെയ്തു.
മൂന്ന് ദിവസത്തിന് ശേഷം ഷെഹ്‌സാബും പിതാവ് റാഷിദും അവനെ അന്വേഷിച്ച് പോയപ്പോള്‍, കൊലപാതകം, കലാപം, തീവെപ്പ് തുടങ്ങിയ കുറ്റങ്ങളില്‍ അയാള്‍ പ്രതിയാണെന്നും ഒരു ഡസനിലധികം കേസുകള്‍ അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ഡല്‍ഹി പോലിസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
പോലിസ് ബലംപ്രയോഗിച്ചാണ് ഷാനവാസിന്റെ കുറ്റസമ്മതമൊഴി വാങ്ങിയതെന്ന് കുടുംബം ആരോപിക്കുന്നു. ശൂന്യമായ പേപ്പറില്‍ ഒപ്പിടാന്‍ വേണ്ടി കസ്റ്റഡിയില്‍ വെച്ച് തന്നെ പോലിസ് മര്‍ദ്ദിച്ചതായി ഷാനവാസ് തങ്ങളോട് വെളിപ്പെടുത്തിയിരുന്നതായി ഷെഹ്‌സാബ് പറഞ്ഞു.
ഡല്‍ഹി പോലിസ് നിരപരാധികളെ വേട്ടയാടുകയാണെന്നും കലാപത്തിന് പ്രേരിപ്പിച്ചവരെയും അതില്‍ പങ്കെടുത്തവരെയും ഒഴിവാക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. അക്രമി സംഘം വന്‍തോതില്‍ കൊള്ളയും കൊള്ളിവയ്പും നടത്തി. മുസ്‌ലിംകളുടെ വീടുകളും പള്ളികളും തിരഞ്ഞുപിടിച്ച് കത്തിച്ചു. എന്നാല്‍, നിരപരാധിയായ തന്റെ മകനെ പോലിസ് കുടുക്കിയെന്നും ഷാനവാസിന്റെ കുടുംബം പറയുന്നു.
തങ്ങളുടെ കടകള്‍ക്ക് തീവെച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രതികളെ വ്യക്തമായി ചൂണ്ടിക്കാട്ടി പരാതിപ്പെട്ടിട്ടും സംഭവത്തില്‍ മൂന്ന് മുസ്‌ലിംകളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. 'ഇതൊരു ഹിന്ദു ആള്‍ക്കൂട്ടമാണെന്ന് വ്യക്തമാക്കിയിട്ടും അവര്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്തു'-കുടുംബം വ്യക്തമാക്കി.
കടകള്‍ നഷ്ടപ്പെട്ടതും മകനെ നിരവധി കേസുകളില്‍ കുടക്കിയതും ഷാനവാസിനെ പോലിസ് ക്രൂരമായി മര്‍ദിച്ചതും അദ്ദേഹത്തിന്റെ പിതാവിനെ വല്ലാതെ വേദനിപ്പിച്ചു. 'കലാപത്തില്‍ തങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു, എന്നിട്ടും ഞങ്ങളുടെ മകനെ ജയിലിലടച്ചത് അദ്ദേഹത്തിന് സഹിക്കാന്‍ കഴിഞ്ഞില്ല,'
ഷെഹ്‌സാബ് ഓര്‍ക്കുന്നു. വിഷാദാവസ്ഥയിലായ അദ്ദേഹം 2020 ജൂണില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശിലെ ബുദൗണിനടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നുള്ള കുടുംബം 2000ന്റെ തുടക്കത്തിലാണ് ഡല്‍ഹിയിലേക്ക് താമസം മാറിയത്.
പിതാവ് മരിക്കുകയും ജ്യേഷ്ഠന്‍ ജയിലില്‍ ആവുകയും ചെയ്തതോടെ അമ്മയും സഹോദരിയും താനുമടങ്ങുന്ന കുടുംബത്തിന്റെ ചുമതല ഷെഹ്‌സാബിന്റെ ചുമലിലായി. ഇത് തന്റെ സ്വപ്നങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അവനെ നിര്‍ബന്ധിതനാക്കി. 'കുട്ടിക്കാലം മുതല്‍ എനിക്ക് പഠിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു, പക്ഷേ ഈ ദുരന്തത്തിന് ശേഷം തനിക്ക് എന്റെ വിദ്യാഭ്യാസം ഉപേക്ഷിച്ച് സമ്പാദിക്കാന്‍ തുടങ്ങേണ്ടി വന്നു.'
വീട്ടുകാര്‍ സ്വന്തം നിലയില്‍ കട പുതുക്കി പണിതെങ്കിലും കച്ചവടം പുനരാരംഭിക്കാന്‍ സമയമായപ്പോള്‍ കാരണമൊന്നും പറയാതെ ഉടമ താക്കോല്‍ നല്‍കാന്‍ വിസമ്മതിച്ചു. അന്ന് ഞാന്‍ ഒരുപാട് കരഞ്ഞതായും ഷെഹ്‌സാബ് പറഞ്ഞു.
കലാപത്തിന് മുമ്പ്, കുടുംബം നന്നായി മുന്നോട്ട് പോയിരുന്നു. എന്നാല്‍, ഇപ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ ഏറെ കഷ്ടപ്പെടുകയാണെന്ന് ഇപ്പോള്‍ കൂലിപ്പണി ചെയ്യുന്ന ഷെഹ്‌സാബ് പറഞ്ഞു. ഷെഹ്‌സാബ് ഷാസീബ് പെട്ടികള്‍ പാക്ക് ചെയ്യുന്ന ഫാക്ടറിയിലാണ് ആദ്യം പോയത്. പ്രതിമാസം 8,000 രൂപ ലഭിച്ചിരുന്നു.'ഇത് അധികമായിരുന്നില്ല, പക്ഷേ ഭിക്ഷ തേടാതെ മുന്നോട്ട് പോവാന്‍ ഇതു സഹായിച്ചു'-അദ്ദേഹം പറഞ്ഞു.
എന്നാല്‍ 'സഹോദരന്റെ കേസുകളില്‍ ഹാജരാകാന്‍ തനിക്ക് വക്കീലുമാരിലേക്കും കോടതികളിലേക്കും ഓടേണ്ടി വന്നതിനാല്‍ സ്ഥിരമായി ജോലിക്ക് പോവാന്‍ കഴിയാതെ വന്നതോടെ ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന് ആ ജോലി നഷ്ടപ്പെട്ടു'.
തന്റെ സഹോദരനെതിരെ പോലീസിന്റെ പക്കല്‍ തെളിവുകളൊന്നുമില്ലെന്നും എന്നാല്‍ എന്തുകൊണ്ടാണ് കോടതി അവനെ വെറുതെ വിടാത്തതെന്നും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്നും ഷെഹ്‌സാബ് ചോദിക്കുന്നു.
ജംഇയത്തുല്‍ ഉലമായുമായി ബന്ധപ്പെട്ട് അഡ്വ. ഇസഡ് ബാബര്‍ ചൗഹാനാണ് ഷാനവാസിനെ പ്രതിനിധീകരിക്കുന്നത്. നിരവധി കേസുകളില്‍ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ചിലതില്‍ ഇനിയും ജാമ്യം കാത്തിരിക്കുകയാണെന്നും ബാബര്‍ പറഞ്ഞു.