കട തുറക്കല്‍: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തുഷ്ടര്‍; പ്രത്യക്ഷ സമരത്തിനില്ലെന്ന് വ്യാപാരികള്‍
ശനിയും ഞായറും ലോക്ഡൗണ്‍ നിയമം ലംഘിച്ച് കടതുറക്കല്‍ സമരം നടത്തുമെന്ന തീരുമാനം പിന്‍വലിച്ചതായും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: കടകള്‍ തുറക്കുന്ന കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച സൗഹാര്‍ദപരമായിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.ശനിയും ഞായറും ലോക്ഡൗണ്‍ നിയമം ലംഘിച്ച് കടതുറക്കല്‍ സമരം നടത്തുമെന്ന തീരുമാനം പിന്‍വലിച്ചതായും അദ്ദേഹം പറഞ്ഞു.
'കടകള്‍ തുറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിക്കും. പ്രശ്‌ന പരിഹാരത്തിന് അടിയന്തരമായി ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിക്ക് മനസ്സിലായിട്ടുണ്ട്. സമരത്തിന്റെ ആവശ്യമില്ല. ഇളവുകള്‍ സംബന്ധിച്ച് ഇന്നുതന്നെ പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വ്യാപാരികളെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു' -നസിറുദ്ദീന്‍ പറഞ്ഞു.
ബക്രീദിന് വ്യാപാരികള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.തങ്ങളുടെ ആവശ്യം മുഖ്യമന്ത്രി അനുഭാവപൂര്‍വമാണ് കേട്ടത്. ഭീഷണിയുടെ രൂപത്തിലല്ല വ്യാപാരികളോട് സംസാരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെ വിശ്വാസ്യത്തിലെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും വ്യാപാരികള്‍ വ്യക്തമാക്കി.
കടകളുടെ പ്രവര്‍ത്തന സമയവും പോലിസുകാരുടെ ഇടപെടലും ഉദ്യോഗസ്ഥ പീഡനം, വൈദ്യുതി ചാര്‍ജ് വര്‍ധന, വ്യാപാരി ക്ഷേമ നിധിയിലെ നഷ്ടപരിഹാരം, ജിഎസ്ടിയിലെ അപാകത തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയായി. പോലിസ് കേസുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താന്‍ കഴിയണമെന്ന ആവശ്യം സംഘടന മുന്നോട്ടുവച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷം വെള്ളപ്പൊക്കവും കൊവിഡും കാരണം ഓണക്കാലത്തെ കച്ചവടം പോയെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
നിയമം ലംഘിച്ച് കട തുറക്കില്ല. അത് പ്രതിഷേധത്തിന്റെ ഭാഗമായി പറഞ്ഞതാണ്. അതേകുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ കടകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പെരുന്നാളിന് മുമ്പ് കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് സാധ്യത. തിങ്കള്‍ മുതല്‍ വെള്ളി വരെ കടകള്‍ തുറന്നേക്കും. എന്നാല്‍, വരാന്ത്യ ലോക്ക്ഡൗണില്‍ മാറ്റമുണ്ടാകില്ല.