താന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം ചേര്‍ന്നെന്ന് ഫര്‍ഹാന
പാലക്കാട്: തിരൂരിലെ ഹോട്ടല്‍ ഉടമ സിദ്ദീഖിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ നിറച്ച് അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ കൊലപാതകം നിഷേധിച്ച് പ്രതി ഫര്‍ഹാന. താന്‍ ആരെയും കൊന്നിട്ടില്ലെന്നും എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖൂം ചേര്‍ന്നാണെന്നും ഫര്‍ഹാന പറഞ്ഞു. കേസന്വേഷണ ഭാഗമായി തിരൂര്‍ പോലിസ് പ്രതികളെ പാലക്കാട് ജില്ലയിലെ അഗളിയിലും ഫര്‍ഹാനയുടെ ചളവറയിലെ വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഫര്‍ഹാന മാധ്യമങ്ങളോട് പ്രതികരിച്ചത്. കൃത്യം നടക്കുമ്പോള്‍ ഹോട്ടല്‍ മുറിയില്‍ ഇരുവരും ഉണ്ടായിരുന്നു. ഹണി ട്രാപ്പിലൂടെയാണ് കൊലപാതകമെന്നത് ശരിയല്ലെന്നും ഫര്‍ഹാന പറഞ്ഞു. കൃത്യത്തിനു ശേഷം ഫര്‍ഹാനയും ഷിബിലിയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫര്‍ഹാനയുടെ വീട്ടിലെത്തിയാണ് വീടിനു പിന്നില്‍ വച്ച് കത്തിച്ച് നശിപ്പിച്ചത്. തെളിവെടുപ്പില്‍ ഇതിന്റെ കത്തിക്കരിഞ്ഞ ഭാഗങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഫര്‍ഹാനയുടെ പിതാവിനോടും മാതാവിനോടും നാളെ തിരൂരില്‍ എത്താന്‍ പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.