പാമ്പു കടിയേറ്റു മരിച്ചയാളുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റ പാമ്പുപിടുത്തക്കാരന്‍ മരിച്ചു

Update: 2024-12-31 15:09 GMT

കൊല്ലം: വയോധികനെ കൊത്തിക്കൊന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്താന്‍ പരിശോധന നടത്തിയ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റു മരിച്ചു. ഞായറാഴ്ച്ച പാമ്പുകടിയേറ്റ ഏരൂര്‍ സൗമ്യ ഭവനില്‍ സജു രാജന്‍ (38) ആണ് ചികില്‍സയിലിരിക്കേ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഏരൂര്‍ തെക്കേവയല്‍ കോളനിക്കു സമീപത്തു വെച്ചാണ് ഇയാള്‍ക്കു പാമ്പുകടിയേറ്റത്. മൂര്‍ഖനെ സജു പിടികൂടിയെങ്കിലും അബദ്ധത്തില്‍ കടിയേല്‍ക്കുകയായിരുന്നു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആരോഗ്യനില വഷളായി. ഇന്ന് രാവിലെയാണു സജു രാജന്‍ മരിച്ചത്. ഭാര്യ: മാളു. മക്കള്‍: കതിര, രുദ്ര.

കഴിഞ്ഞ 24ന് ഇവിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് പ്രദേശവാസി രാമചന്ദ്രന്‍ (65) മരിച്ചിരുന്നു. തുടര്‍ന്ന് പരിസരം വൃത്തിയാക്കി തിരച്ചില്‍ നടത്തുന്നതിനിടെയാണു സജുവിനെ പാമ്പ് കടിച്ചത്. രാമചന്ദ്രനെ കടിച്ച അതേ പാമ്പു തന്നെയാണ് സജു രാജനെയും കടിച്ചതെന്നാണ് സൂചന.

Similar News