ബിജെപി നേതാവ് സൊനാലി ഫോഗട്ട് മരണത്തിന് മുമ്പ് എംഡിഎംഎ ഉപയോ​ഗിച്ചെന്ന് പോലിസ്

ലഹരി മരുന്ന് കലർത്തിയ പാനീയം സൊനാലിക്ക് നൽകിയെന്ന് കസ്റ്റഡിയിലുള്ള പി എ സുധീർ സാംഗ്വാൻ പോലിസിനോട് സമ്മതിച്ചെന്നാണ് പുറത്തുവരുന്ന വിവരം.

Update: 2022-08-27 17:06 GMT

മുംബൈ: നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണത്തിന് മുമ്പ് എംഡിഎംഎ ഉപയോ​ഗിച്ചതായി പോലിസ് റിപോർട്ട്. ശനിയാഴ്ച വൈകുന്നേരം ഇറക്കിയ പ്രസ്താവനയിലാണ് പോലിസ് ഇക്കാര്യം വ്യക്തമാക്കുന്നത്. സൊനാലി പോയ ഹോട്ടൽ ഉടമയേയും മയക്കുമരുന്ന് എത്തിച്ചു നൽകിയ ആളേയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുയാണെന്ന് പോലിസ് പറഞ്ഞു. ലഹരി മരുന്ന് കലർത്തിയ പാനീയം സൊനാലിക്ക് നൽകിയെന്ന് കസ്റ്റഡിയിലുള്ള പി എ സുധീർ സാംഗ്വാൻ പോലിസിനോട് സമ്മതിച്ചെന്നാണ് പുറത്തുവരുന്ന വിവരം.

ലഹരി മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ നടക്കാനാവാതെ ബുദ്ധിമുട്ടുന്ന സൊനാലിയുടെ ദൃശ്യങ്ങൾ റെസ്റ്റോറന്‍റിലെ സിസിടിവിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വടക്കൻ ഗോവയിലുള്ള കേർലീസ് റസ്റ്റോറന്‍റ് ലഹരി മരുന്ന് ഉപയോഗം സ്ഥിരമായി നടക്കുന്ന കേന്ദ്രമാണെന്നാണ് പോലിസ് പറയുന്നത്.

അതിനിടെ സൊനാലിയുടെ ദുരൂഹ മരണത്തിൽ അറസ്റ്റിലായ പിഎ സുധീർ സാംഗ്വാനും സൊനാലിയുടെ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. എന്നാൽ ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്നതടക്കം സമീപകാല ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. മാത്രമല്ല ഹരിയാനയിൽ സുധീർ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തപ്പോൾ ഭാര്യയായി രേഖകളിൽ സൂചിപ്പിച്ചിരിക്കുന്നത് സൊനാലിയെയാണെന്ന വിവരവും ഇന്ന് പുറത്ത് വന്നു.  

Similar News