കാബൂള്‍: പഞ്ച്ഷീര്‍ പ്രവിശ്യയില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ താലിബാന്‍ വിരുദ്ധ പ്രതിരോധ സേനയുടെ വക്താവ് കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ നാഷനല്‍ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ വക്താവായ ഫാഹിം ദഷ്ടിയാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ വാര്‍ത്താ മാധ്യമമായ ടോളോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ജംഇയ്യത്തെ ഇസ്‌ലാമി പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗവും അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക ഫെഡറേഷനില്‍ അംഗവുമായിരുന്നു ഫാഹിം ദഷ്ടിയെന്ന് ഖാമ പ്രസ് റിപോര്‍ട്ട് ചെയ്തു. കാബൂളിന് ഏകദേശം 145 കിലോമീറ്റര്‍ വടക്ക് ഹിന്ദു കുഷ് മലനിരകളിലാണ് പഞ്ച്ഷീര്‍ താഴ്‌വര.
സര്‍ക്കാരിനെ അട്ടിമറിച്ച് അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തെങ്കിലും താലിബാന് പഞ്ച്ഷീര്‍ താഴ്‌വര പിടിച്ചെടുക്കാനായിരുന്നില്ല. അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധസേന കടുത്ത പ്രരോധമാണ് ഈ പ്രദേശത്ത് നടത്തിവന്നിരുന്നത്. വെള്ളിയാഴ്ച രാത്രി പഞ്ച്ഷീര്‍ പ്രവിശ്യയില്‍ താലിബാന്‍ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധ സേനയ്ക്ക് അവരുടെ വക്താവിനെ നഷ്ടമായിരിക്കുന്നത്. അഫ്ഗാനിസ്താനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന അവസാന മേഖലയായ പഞ്ച്ഷീര്‍ പ്രവിശ്യയുടെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, പ്രതിരോധ സേന വാര്‍ത്തകള്‍ നിഷേധിക്കുകയാണ്. പഞ്ച്ഷീര്‍ പ്രവിശ്യയില്‍നിന്ന് താലിബാന്‍ പിന്തിരിഞ്ഞാല്‍ യുദ്ധം അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ ആരംഭിക്കാനും തയ്യാറാണെന്ന് പ്രതിരോധ സേനയുടെ നേതാവ് അഹ്മദ് മസൂദ് ഞായറാഴ്ച പറഞ്ഞതായി റഷ്യന്‍ വാര്‍ത്താ എജന്‍സിയായ സ്പുട്‌നിക് റിപോര്‍ട്ട് ചെയ്തു. താലിബാനുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ നാഷനല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് പ്രതിജ്ഞാബദ്ധമാണെന്നും മസൂദ് കൂട്ടിച്ചേര്‍ത്തു.