ഗ്യാന്‍വാപി മസ്ജിദ് സംബന്ധമായ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും വിട്ടു നില്‍ക്കുക; ടി വി ചാനലുകളല്ല, കോടതികളാണ് വിധി പറയുന്നതെന്ന് ഗുല്‍സാര്‍ ആസ്മി
ന്യൂഡല്‍ഹി: വാരാണസി സെഷന്‍ കോടതിയുടെ പരിഗണനയിലുള്ള ഗ്യാന്‍വാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ജംഇയ്യത്ത് ഉലമാ എ ഹിന്ദ് ലീഗല്‍ സെല്‍ തലവന്‍ ഗുല്‍സാന്‍ ആസ്മി. ഇത് സംബന്ധിച്ച കേസ് മികച്ച വക്കീലന്മാരുടെ സഹായത്തോടുകൂടി പള്ളി കമ്മിറ്റി വിജയകരമായി നടത്തി വരുന്നു. മറു ഭാഗത്ത് ഈ വിഷയ സംബന്ധമായി ആഴമേറിയ അറിവോ അതിന്റെ സങ്കീര്‍ണതയെ കുറിച്ചുള്ള തികഞ്ഞ ബോധ്യമോ ഇല്ലാത്തവര്‍ ടിവി ചാനലുകള്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ഈ കേസിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നു.
പൊതുവേ ഏകപക്ഷീയമായി നടന്നുവരുന്ന ഇത്തരം ചര്‍ച്ചകളില്‍ നിന്നും മുസ് ലിം പ്രതിനിധികള്‍ വിട്ടുനില്‍ക്കണമെന്ന് ഗുല്‍സാര്‍ ആസ്മി പ്രസ്താവിച്ചു.
ഈ കേസ് ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി കീഴ്‌ക്കോടതിയില്‍ നേരിടുന്ന സന്ദര്‍ഭത്തില്‍ തന്നെ, ആരാധനാലയങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1991 ല്‍ നിലവില്‍ വന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ആ നിയമം അസ്ഥിരപ്പെടുത്തി ഗ്യാന്‍വാപി അടക്കമുള്ള മസ്ജിദുകള്‍ തിരിച്ച് പിടിച്ച് അമ്പലാക്കി മാറ്റാന്‍ അവസരമൊരുക്കി തരണമെന്ന വാദവുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍ സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവവും സങ്കീര്‍ണ്ണതയും കണക്കിലെടുത്ത് ജംഇയ്യത്ത് ഉലമാ എ ഹിന്ദ് ദേശീയ അധ്യക്ഷന്‍ മൗലാന സയ്യിദ് അര്‍ഷദ് മദനിയുടെ നിര്‍ദ്ദേശപ്രകാരം ജംഇയ്യത്ത് ഈ വാദത്തിനെതിരെ പെറ്റിഷന്‍ നല്‍കിയിട്ടുണ്ട്. ജൂലൈ മാസം 19 ന് ഇത് സംബന്ധമായ വാദം സുപ്രീംകോടതിയില്‍ നടക്കുന്നതാണ്. ആയതിനാല്‍ ഇത്തരത്തിലുള്ള ചാനല്‍ ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അത് ഗുണത്തില്‍ ഏറെ ദൂഷ്യമായിരിക്കും വരുത്തിവയ്ക്കുകയെന്നും അദ്ദേഹം ഉണര്‍ത്തി.