യുപിയില്‍ കേന്ദ്രമന്ത്രിക്ക് നേരെ കല്ലേറ്; അന്വേഷണം
കല്ലേറില്‍ ബാഗേലിന് പരിക്കില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വാഹനത്തിന് ചില്ല് തകര്‍ന്നു. അക്രമണത്തെ അപലപിച്ച ബിജെപി, എസ്പിയുടെ ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചു.
ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശില്‍ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ്. സത്യപാല്‍ സിങ് ബാഗേലിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് കര്‍ഹാലില്‍ വച്ച് കല്ലേറുണ്ടായത്. എസ്പി നേതാവ് അഖിലേഷ് യാദവ് മല്‍സരിക്കുന്ന മണ്ഡലമാണ് കര്‍ഹാല്‍. സമാജ്‌വാദി പാര്‍ട്ടിക്ക് മികച്ച ജനസ്വാധീനമുള്ള മണ്ഡലമാണിത്. അഖിലേഷിനെതിരേ മല്‍സരിക്കുന്നത് കേന്ദ്രമന്ത്രി സത്യപാല്‍ സിങ് ബാഗേലാണ്.
കല്ലേറില്‍ ബാഗേലിന് പരിക്കില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വാഹനത്തിന് ചില്ല് തകര്‍ന്നു. അക്രമണത്തെ അപലപിച്ച ബിജെപി, എസ്പിയുടെ ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചു.
കര്‍ഹാലില്‍ തോല്‍ക്കുമെന്ന് അഖിലേഷ് യാദവ് ഭയപ്പെടുന്നു. അതുകൊണ്ടാണ് ബിജെപി സ്ഥാനാര്‍ഥിയെ ആക്രമിക്കുന്നത്. കേന്ദ്രമന്ത്രിയെ നിങ്ങളുടെ ഗുണ്ടകള്‍ ആക്രമിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ബിജെപി എംപി ഗീത ഷക്യയെ ആക്രമിച്ചു. രണ്ട് സംഭവത്തിലും പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
കര്‍ഹാല്‍ മണ്ഡലത്തിലെ റഹ്മത്തുല്ലപൂരിലാണ് ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനം ആക്രമിക്കപ്പെട്ടത്. ഇവിടെ പ്രചാരണത്തിന് എത്തിയതായിരുന്നു ബാഗേല്‍. ശേഷം ബിജെപി നേതാക്കള്‍ക്കൊപ്പം അതിഖുല്ലാപൂരിലേക്ക് പോകാനും ബാഗേല്‍ പദ്ധതിയിട്ടിരുന്നു. ബാഗേല്‍ എത്തിയ വേളയില്‍ തന്നെ വാഹനത്തിന് നേരെ ചിലര്‍ കല്ലെറിയുകയായിരുന്നു. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല. പോലിസിനെ വിവരം അറിയിച്ചെങ്കിലും അവരെത്തിയത് വൈകിയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. കല്ലേറ് നടത്തിയവര്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. അന്വേഷണം തുടങ്ങിയെന്ന് എസിപി മധുവന്‍ കുമാര്‍ സിങ് പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.