വിഭാ​ഗീയതകൊണ്ട് പൊറുതിമുട്ടി; ഒടുവിൽ സുരേഷ് ഗോപിയെ സംസ്ഥാന കോർ കമ്മിറ്റിയിലേക്കെടുത്ത് ബിജെപി കേന്ദ്രനീക്കം

കൊടകര കേസിൽ കെ സുരേന്ദ്രൻ ആരോപണവിധേയനായിരുന്നെങ്കിലും അന്ന് നടപടിയുണ്ടാകാതിരുന്നതെന്തെന്ന ചോദ്യം സാമൂഹിക മാധ്യമങ്ങളിൽ ശക്തമാണ്.

Update: 2022-10-14 07:35 GMT

കോഴിക്കോട്: വിഭാ​ഗീയതകൊണ്ട് പൊറുതിമുട്ടിയ കേരള ബിജെപിയിൽ അവിചാരിത കേന്ദ്ര നീക്കം. വി മുരളീധരൻ പക്ഷം വിമത പക്ഷത്തെ വെട്ടിനിരത്താൻ തുടങ്ങിയതിന് പിന്നാലെയാണ് അമിത് ഷാ നേരിട്ടിടപെട്ടുള്ള കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. വിമത പക്ഷത്തുണ്ടായിരുന്ന ബിജെപി സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യറെ തൽസ്ഥാനത്ത് നിന്ന് നീക്കിയത് കഴിഞ്ഞ ദിവസമാണ്.

കോർ കമ്മിറ്റി വിപുലപ്പെടുത്താൻ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തോട് നിർദേശിച്ചിരുന്നു പാർട്ടി പ്രവർത്തനത്തിൽ സുരേഷ് ഗോപിയുടെ പങ്കാളിത്തം കൂടുതൽ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ, സംസ്ഥാന കോർ കമ്മിറ്റി വിപുലീകരിക്കാൻ അനുമതി ലഭിച്ച കാര്യം വിശദീകരിക്കപ്പെട്ടിരുന്നു. കോർ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തേണ്ട പേരുകൾ സംസ്ഥാന അധ്യക്ഷനും സംഘടനാ സെക്രട്ടറിയും ചേർന്ന് തീരുമാനിക്കുകയും ചെയ്തു. ഇതനുസരിച്ച് തയ്യാറാക്കിയ പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് ഉൾപ്പെടുത്തി ദേശീയ അധ്യക്ഷന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

സുരേഷ് ​ഗോപിയെ ഇറക്കി ബിജെപിയിലെ വിഭാ​ഗീയതയെ ഇല്ലാതാക്കാമെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്. എന്നാൽ സന്ദീപ് വാര്യറെ അനധികൃത പണമിടപാടിന്റെ പേരിൽ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമിടപാട് പോലിസ് സ്ഥിരീകരിച്ച കൊടകര കേസിൽ കെ സുരേന്ദ്രൻ ആരോപണവിധേയനായിരുന്നെങ്കിലും അന്ന് നടപടിയുണ്ടാകാതിരുന്നതെന്തെന്ന ചോദ്യം സാമൂഹിക മാധ്യമങ്ങളിൽ ശക്തമാണ്. ബിജെപി പ്രവർത്തകർ തന്നെയാണ് സംസ്ഥാന നേതൃത്വത്തിനെതിരേ രം​ഗത്തുവന്നത്.

ആർഎസ്എസ് നേതൃത്വത്തിലുള്ള വൽസൻ തില്ലങ്കേരിയുടെ നീക്കങ്ങളാണ് സംസ്ഥാന ബിജെപിയിൽ ഇപ്പോഴുണ്ടായ നീക്കങ്ങൾക്ക് പിന്നിലെന്ന റിപോർട്ടുകളും പുറത്തുവരുന്നുണ്ട്. വൽസൻ തില്ലങ്കേരിയും സുരേഷ് ​ഗോപിയും ഒരിമിച്ചുള്ള വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ ആർഎസ്എസ് പ്രവർത്തകർ നിരന്തരം പ്രചരിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് സുരേഷ് ​ഗോപിയുടെ സ്ഥാനക്കയറ്റമെന്നതും ശ്രദ്ധേയമാണ്. 

Similar News