കൊവിഷീല്‍ഡ്- കൊവാക്‌സിന്‍ സംയോജനം: പഠനം നടത്തുന്നതിന് ഡിസിജിഐയുടെ അനുമതി
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലാവും ഇതിന്റെ പഠനവും ക്ലിനിക്കല്‍ പരീക്ഷണവും നടത്തുക. കൊവിഷീല്‍ഡും കൊവാക്‌സിനും ഇടകലര്‍ത്തി പഠനം നടത്തുന്നതിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധസമിതി ജൂലൈ 29ന് ശുപാര്‍ശ നല്‍കിയിരുന്നു.
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിനുകളായ കൊവാക്‌സിനും കൊവിഷീല്‍ഡും സംയോജിപ്പിക്കുന്നതിനെക്കുറിച്ച് പഠനം നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലാവും ഇതിന്റെ പഠനവും ക്ലിനിക്കല്‍ പരീക്ഷണവും നടത്തുക. കൊവിഷീല്‍ഡും കൊവാക്‌സിനും ഇടകലര്‍ത്തി പഠനം നടത്തുന്നതിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധസമിതി ജൂലൈ 29ന് ശുപാര്‍ശ നല്‍കിയിരുന്നു. ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത ഡോസുകള്‍ നല്‍കുന്നത് ഫലപ്രാപ്തിയുണ്ടാവുമോ എന്നതാണ് പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഡോസ് കൊവിഷീല്‍ഡും അടുത്ത ഡോസ് കൊവാക്‌സിനുമാണ് കുത്തിവയ്ക്കുക.
വെല്ലൂരില്‍ 300 സന്നദ്ധപ്രവര്‍ത്തകരിലാണ് പഠനം നടത്തുക. വിവിധ കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ തമ്മില്‍ കൂട്ടിക്കലര്‍ത്തി വിതരണം ചെയ്യുന്നത് ഒരേ വാക്‌സിന്‍ ഡോസുകളെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലപ്രാപ്തി നല്‍കുമെന്നായിരുന്നു ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. കൊവിഷീല്‍ഡും കൊവാക്‌സിനും തമ്മില്‍ സുരക്ഷിതമായി കൂട്ടിക്കലര്‍ത്താമെന്നും ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കിയാല്‍ കൂടുതല്‍ പ്രതിരോധശേഷി ലഭിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയതായും ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശില്‍ അബദ്ധത്തില്‍ രണ്ട് വാക്‌സിന്‍ മാറി കുത്തിവച്ച 18 പേരില്‍ നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടെത്തല്‍.
ആദ്യഡോസ് കൊവിഷീല്‍ഡും രണ്ടാംഡോസ് കൊവാക്‌സിനും സ്വീകരിച്ചവരിലാണ് പഠനം നടന്നത്. ഇതിലൂടെ ഒറ്റവാക്‌സിന്‍ നല്‍കുന്നതിനേക്കാള്‍ പ്രതിരോധശേഷി കൈവരിക്കാനാവുമെന്ന് ഐസിഎംആര്‍ പറയുന്നു. വിവിധ പ്രായത്തിലുള്ള 40 പേരിലാണ് പഠനം നടന്നത്. ഇതില്‍ രണ്ട് വാക്‌സിന്‍ മാറി കുത്തിവച്ച 18 പേര്‍ക്ക് മറ്റുള്ളവരേക്കാള്‍ പ്രതിരോധശേഷി കൈവരിക്കാനായി. 2021 മെയ് മുതല്‍ ജൂണ്‍ വരെയായിരുന്നു പഠനം. ഇവരുടെ ശരീരത്തിലുണ്ടായ പാര്‍ശ്വഫലങ്ങളും രോഗപ്രതിരോധശേഷിയും താരതമ്യം ചെയ്ത് നോക്കുകയും ചെയ്തു. പഠനത്തിന് വിധേയരായ ആരിലും കുത്തിവയ്പ്പ് സ്വീകരിച്ച് 30 മിനിറ്റിനുള്ളില്‍ ഗുരുതരപാര്‍ശ്വഫലങ്ങള്‍ റിപോര്‍ട്ട് ചെയ്തില്ല.
പാര്‍ശ്വഫലങ്ങളായി നേരിയ പനിയും ശാരീരികക്ഷീണവും മാത്രമാണ് പൊതുവില്‍ കണ്ടത്. വാക്‌സിന്റെ മൊത്തത്തിലുള്ള പാര്‍ശ്വഫലമായി ശരീരമാകമാനമുള്ള ചൊറിഞ്ഞുതടിക്കല്‍ (അര്‍ട്ടിക്കേരിയ), ഛര്‍ദിയും മനംപിരട്ടലും, സന്ധിവേദന, ചുമ എന്നിവ ആരിലുമുണ്ടായില്ല. പഠനത്തിന് വിധേയരായവരുടെ ശരാശരി പ്രായം 62 ആയിട്ടുകൂടി സുരക്ഷിതവും പ്രതിരോധശേഷി നല്‍കുന്നതുമാണെന്ന് തെളിഞ്ഞു. ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരേ രണ്ട് വ്യത്യസ്ത വാക്‌സിന്റെ ഡോസുകള്‍ ലഭിച്ചവര്‍ക്ക് പ്രതിരോധശക്തി കൂടുതലാണെന്നും കണ്ടെത്തി. ഇത് കൊവിഡ് പ്രതിരോധം കുറേക്കൂടി ശക്തമാക്കാനും വാക്‌സിന്‍ ക്ഷാമം പരിഹരിക്കാനും സഹായിക്കും. ശരീരത്തില്‍ കൂടുതല്‍ ആന്റിബോഡികളും രൂപപ്പെട്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ഒരേ ഡോസ് വാക്‌സിന്‍ നല്‍കുന്നതിന് സമാനമായ പാര്‍ശ്വഫലങ്ങള്‍ തന്നെയാണ് വാക്‌സിന്‍ കൂട്ടിക്കലര്‍ത്തിയപ്പോഴും കണ്ടതെന്നും ഇത് സുരക്ഷിതമാണെന്നും ഐസിഎംആര്‍ ചൂണ്ടിക്കാട്ടുന്നു.