ലോക്ക് ഡൗണ്‍: റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ക്കു മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി

ലോക്ക് ഡോണ്‍ സമയത്തു ബുക്ക് ചെയ്ത മുഴുവന്‍ ടിക്കറ്റുകള്‍ക്കും റദ്ദുചെയ്യപ്പെട്ട വിമാനയാത്രയുടെ മുഴുവന്‍ തുകയും മൂന്ന് ആഴ്ചക്കകം വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ടതാണ്.

Update: 2020-10-01 17:01 GMT
ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്നു റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ക്കു മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി പുറപ്പെടുവിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്ക് ഡൗണിനെ തുടര്‍ന്നു ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകളെല്ലാം റദ്ദാക്കപ്പെട്ടതിനെത്തുടര്‍ന്ന് എല്ലാ യാത്രക്കാര്‍ക്കും ഫുള്‍ റീഫണ്ട് നല്‍കാത്ത വിമാന കമ്പനികളുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ നിലപാടറിയിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ വിധി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതനുസരിച്ചു ലോക്ക് ഡോണ്‍ സമയത്തു ബുക്ക് ചെയ്ത മുഴുവന്‍ ടിക്കറ്റുകള്‍ക്കും റദ്ദുചെയ്യപ്പെട്ട വിമാനയാത്രയുടെ മുഴുവന്‍ തുകയും മൂന്ന് ആഴ്ചക്കകം വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ടതാണ്. ലോക്ക് ഡൗണിനു മുന്‍പ് ബുക്ക് ചെയ്ത ടിക്കറ്റുകളെ സംബന്ധിച്ചും മൂന്ന് ആഴ്ചക്കകം തുക തിരിച്ചു നല്‍കേണ്ടതാണ്. എന്നാല്‍ വിമാനക്കമ്പനികള്‍ക്കു സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എങ്കില്‍ തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരില്‍ നല്‍കേണ്ടതും ക്രെഡിറ് ഷെല്ലിലെ പണമുപയോഗിച്ചു യാത്രക്കാര്‍ക്ക് 2021 മാര്‍ച്ച് മാസം 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരവുമുണ്ട്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാത്തവര്‍ക്ക് മാര്‍ച്ചു 31 നകം .75 % മാസ പലിശയോടെ (വര്‍ഷം 9 %) തുക തിരികെ നല്‍കണമെന്നും വിധിയില്‍ പറയുന്നു.

ഇന്ത്യയിലെ മുഴുവന്‍ ആഭ്യന്തര യാത്രകള്‍ക്കും ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന എല്ലാ അന്തരാഷ്ട്ര വിമാനയാത്രകള്‍ക്കും മേല്‍പറഞ്ഞ രീതി ബാധകമാക്കണമെന്നും വിധിയില്‍ പറയുന്നു.

കൊവിഡ് കാലത്തു റാദ്ദാക്കിയ മുഴുവന്‍ ടിക്കറ്റുകള്‍ക്കും ഫുള്‍ റീഫണ്ട് നല്‍കാനുള്ള സുപ്രീം കോടതി വിധി പ്രവാസികളുള്‍പ്പെടെ ഉള്ളവര്‍ക്ക് വലിയ ആശ്വാസമാണെന്നു ഹര്‍ജി നല്‍കിയ പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രെസിഡന്റ് അഡ്വ. ജോസ് എബ്രഹാമും , പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസും അറിയിച്ചു.

Tags:    

Similar News