വിദ്വേഷപ്രസംഗങ്ങള്‍: മോദിയെ തിരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കണമെന്ന ഹരജി സുപ്രിം കോടതി പരിഗണിച്ചില്ല

Update: 2024-05-14 11:57 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിനും മതത്തെ അധിക്ഷേപിച്ചതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥും സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങുന്ന ബെഞ്ച് വിഷയം പരിഗണിക്കാതിരുന്നത്. തുടര്‍ന്ന് ഹരജി പിന്‍വലിക്കുകയായിരുന്നു. അതേസമയം, ഹരജിക്കാരന്‍ ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാതെ നേരിട്ട് കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് നാഥ് ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്കിള്‍ 32/226 പ്രകാരം ഇത്തരത്തില്‍ വരരുത്. നിങ്ങള്‍ അധികാരികളെ സമീപിക്കണം. പിന്‍വലിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിന് അനുവദിക്കുമെന്നും ജഡ്ജി പറഞ്ഞു. തുടര്‍ന്ന് ഹരജി പിന്‍വലിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും സമ്മതം തേടിയ ഹരജിക്കാരനോട്, ഞങ്ങള്‍ എന്തിന് സ്വാതന്ത്ര്യം നല്‍കണമെന്നും അത് നിങ്ങള്‍ക്ക് ചെയ്യാവുന്നതാണെന്നും ജസ്റ്റിസ് നാഥ് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ ആരോപിച്ച് പ്രധാനമന്ത്രി മോദിക്കും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും എതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹരജിയും കോടതി തള്ളി.

    2024 ഏപ്രില്‍ 21 ന് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ പ്രധാനമന്ത്രി ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഇരുവിഭാദങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസ്താവനകള്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ എന്ന ഹരജിക്കാരിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരേ കോടതിയെ സമീപിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയുടെ ഗുരുതരമായ ലംഘനമാണിതെന്ന് ഹരജിക്കാരി വാദിച്ചിരുന്നു. പ്രസ്താവന പ്രകോപനം മാത്രമല്ല, നിയമവിരുദ്ധവും സമുദായങ്ങള്‍ക്കിടയില്‍ മോശം വികാരം വളര്‍ത്തുന്നതുമാണ്. മംഗളസൂത്രത്തെ പരാമര്‍ശിക്കുന്നതില്‍ ഹിന്ദു സമൂഹത്തെയാണ് സൂചിപ്പിക്കുന്നത്. നുഴഞ്ഞുകയറ്റക്കാര്‍ എന്നത് കൊണ്ട് മുസ് ലിം സമുദായത്തെയാണ് ഉദ്ദേശിക്കുന്നത്. ബന്‍സ്വാര പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ഹരജിയോടൊപ്പം നല്‍കിയിരുന്നു. മാത്രമല്ല, മോദിയുടെ യൂ ട്യൂബില്‍ ഉണ്ടെന്നും അറിയിച്ചിരുന്നു.

Tags:    

Similar News