'ബലാത്സംഗ കേസിലെ കുറ്റവാളികളെ വിട്ടയക്കാം'; ബിൽക്കീസ് ബാനു സമർപ്പിച്ച പുനഃപരിശോധനാ ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിൽ തന്റെ കുടുംബത്തിലെ ഏഴുപേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ത്തിയ കേസിൽ 11 പ്രതികളെ വിട്ടയച്ചതിനെതിരെ ബിൽക്കീസ് ബാനു സമർപ്പിച്ച പുനഃപരിശോധനാ ഹരജി സുപ്രിംകോടതി തള്ളി.കേസിന്റെ വിചാരണ മഹാരാഷ്ട്രയിലാണ് നടന്നതെങ്കിലും പ്രതികളുടെ വിടുതൽ അപേക്ഷകളിൽ തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. സുപ്രിംകോടതി അസിസ്റ്റൻറ് രജിസ്ട്രാർ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ബിൽക്കീസ് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്തയ്ക്ക് നൽകി. 2022 മേയിലെ വിധിക്കെതിരെയാണ് ബിൽക്കീസ് ബാനുഹരജി നൽകിയിരുന്നത്. അന്ന് ജസ്റ്റിസ് അജയ് റസ്‌തോഗിയും വിക്രം നാഥും അടങ്ങുന്ന ബെഞ്ച് ഗുജറാത്ത് സർക്കാറിന് പ്രതികളുടെ വിടുതൽ അപേക്ഷ പരിഗണിക്കാനുള്ള അധികാരം ഉണ്ടെന്ന് വിധിച്ചിരുന്നു.
നേരത്തെ കേസിന്റെ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറിയിരുന്നു. 2004-2006 കാലത്ത് ഗുജറാത്ത് സർക്കാരിൽ നിയമ സെക്രട്ടറിയായി ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിച്ചിരുന്നു ഇവർ.
ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ഗുജറാത്ത് സർക്കാർ
സ്വാതന്ത്യദിനത്തിൽ വിട്ടയച്ചത്. കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ
കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇത് പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചിരുന്നു.
15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ച് ഇളവ്
അനുവദിക്കാൻ ശിപാർശ ചെയ്യുകയായിരുന്നു.