സിഎഎ വിരുദ്ധ പ്രക്ഷോഭം: മുഴുവന്‍ കേസുകളും റദ്ദാക്കി തമിഴ്‌നാട് സര്‍ക്കാര്‍

Update: 2021-02-19 08:48 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ മുഴുവന്‍ കേസുകളും തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കി. സിഎഎ പ്രതിഷേധത്തിന്റെ പേരിലെടുത്ത 1,500ലധികം കേസുകളാണ് റദ്ദാക്കിയത്. അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത പത്ത് ലക്ഷത്തോളം കേസുകളും പിന്‍വലിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.

പ്രതിഷേധം, ഘോഷയാത്ര, പ്രതിമകള്‍ കത്തിക്കല്‍, സിഎഎയുടെ പകര്‍പ്പുകള്‍ കത്തികല്‍ എന്നീ തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കായിരുന്നു പോലിസ് കേസെടുത്തിരുന്നത്. തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എന്‍ഡിഎ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെ പ്രഖ്യാപനം. പാര്‍ലമെന്റില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത പാര്‍ട്ടിയാണ് അണ്ണാ ഡിഎംകെ.

തെങ്കാശിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. പൊതുജനങ്ങളുടെ നന്മയെക്കരുതിയാണ് കേസുകള്‍ റദ്ദ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിനെ അക്രമിച്ച കേസുകള്‍ ഒഴികെ ബാക്കിയെല്ലാം പിന്‍വലിക്കാനാണ് തീരുമാനം. കൂടംകുളം ആണവനിലയത്തില്‍ പ്രതിഷേധം നടത്തിയവരുടെ കേസുകളും പിന്‍വലിക്കുന്നതും ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Similar News