തലശ്ശേരി ഇരട്ടക്കൊലപാതകം: മുഖ്യപ്രതി പാറായി ബാബു പിടിയില്‍

Update: 2022-11-24 10:04 GMT

കണ്ണൂര്‍: തലശ്ശേരിയില്‍ ലഹരി മാഫിയ നടത്തിയ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി പാറായി ബാബു പിടിയിലായി. ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ഇതോടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പേരെയും പിടികൂടിയതായി പോലിസ് അറിയിച്ചു. തലശ്ശേരി എസിപി നിഥില്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ പിടികൂടിയത്. തലശ്ശേരി സ്വദേശികളായ ജാക്ക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ നേരത്തേ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇന്നലെയാണ് കണ്ണൂര്‍ തലശ്ശേരിയില്‍ സംഘര്‍ഷത്തിനിടെ സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചത്.

തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ ഖാലിദ് (52), സഹോദരീ ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ച് അംഗവുമായ നെട്ടൂര്‍ പൂവനാഴി വീട്ടില്‍ ഷമീര്‍ (40) എന്നിവരാണു കൊല്ലപ്പെട്ടത്. ലഹരി വില്‍പ്പന ചോദ്യം ചെയ്തതും ചില സാമ്പത്തിക തര്‍ക്കവുമാണ് സംഘര്‍ഷത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു. ബാബുവും ജാക്‌സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണമൊഴിയില്‍ പറഞ്ഞിരുന്നു.ഇന്നലെ വൈകീട്ട് നാല് മണിയോടെ തലശ്ശേരി സിറ്റി സെന്ററിനടുത്തുവച്ചാണ് മൂവര്‍ക്കും കുത്തേല്‍ക്കുന്നത്. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീര്‍ കോഴിക്കോട് സ്വകാര്യാശുപത്രിയിലുമാണ് മരിച്ചത്.

സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്ത് നിട്ടൂര്‍ സാറാസ് വീട്ടില്‍ ഷാനിബിനെ (29) തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരി വില്‍പ്പന ചോദ്യം ചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ (20) ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് ആക്രമിച്ചിരുന്നു. പരിക്കേറ്റ ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേന എത്തിയ ലഹരി മാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നു. ഖാലിദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. തടയാന്‍ ശ്രമിച്ച ഷമീര്‍, ഷാനിബ് എന്നിവരെയും മാരകായുധങ്ങളുമായി ആക്രമിച്ചു. ശരീരമാസകലം വെട്ടേറ്റ ഷമീറിനെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.

Tags:    

Similar News