ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം ഇന്നോ നാളെയോ ലഭിക്കും
ഡിഎന്‍എ ഫലം പോസിസ്റ്റീവായാല്‍ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ സിഡബ്ല്യുസി സ്വീകരിക്കും.
തിരുവനന്തപുരം: കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം ഇന്നോ നാളെയോ ലഭിച്ചേക്കും. ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞിന്റെ ഡിഎന്ഡഎ സാംപിള്‍ ഇന്നലെ ശേഖരിച്ചിരുന്നു. അനുപമയും അജിത്തും, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നേരിട്ടെത്തി രക്തസാംപിള്‍ നല്‍കിയിരുന്നു. ഡിഎന്‍എ ഫലം പോസിസ്റ്റീവായാല്‍ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ സിഡബ്ല്യുസി സ്വീകരിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. 30ന് പരിശോധന ഫലം ഉള്‍പ്പെടെ റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ നടത്തുന്ന സമരം തുടരുകയാണ്. ആന്ധ്രയില്‍ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോള്‍ നിര്‍മലാ ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നല്‍കിയിരുന്നുവെങ്കിലും ഇത് നിലവില്‍ അനുവദിച്ചിട്ടില്ല.