'അങ്കിള്‍' എന്ന് വിളിച്ചതിന് പെണ്‍കുട്ടിക്ക് കടയുടമയുടെ ക്രൂരമര്‍ദനം
ഈ മാസം 19ന് നിഷ അഹമ്മദ് ഇയാളുടെ കടയില്‍ നിന്ന് ഒരു ബാഡ്മിന്റണ്‍ റാക്കറ്റ് വാങ്ങിയിരുന്നു. ഇതിന്റെ ചില കണ്ണികള്‍ പൊട്ടിയതിനെ തുടര്‍ന്ന് മാറ്റിവാങ്ങുന്നതിനായാണ് പെണ്‍കുട്ടി കടയിലെത്തിയത്
ന്യൂഡല്‍ഹി: 'അങ്കിള്‍' എന്ന് വിളിച്ചതിന് പെണ്‍കുട്ടിക്ക് കടയുടമയുടെ ക്രൂരമര്‍ദനം. ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. നിഷ അഹമ്മദ് എന്ന പെണ്‍കുട്ടിയാണ് ക്രൂരമര്‍ദനത്തിന് ഇരയായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മോഹിത് കുമാറെന്ന കച്ചവടക്കാരനാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 354 (സ്ത്രീയുടെ അന്തസ് തകര്‍ക്കുന്ന തരത്തിലുള്ള അക്രമം), സെക്ഷന്‍ 323 (മനപ്പൂര്‍വ്വം മുറിവേല്‍പ്പിക്കല്‍), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: ഈ മാസം 19ന് നിഷ അഹമ്മദ് ഇയാളുടെ കടയില്‍ നിന്ന് ഒരു ബാഡ്മിന്റണ്‍ റാക്കറ്റ് വാങ്ങിയിരുന്നു. ഇതിന്റെ ചില കണ്ണികള്‍ പൊട്ടിയതിനെ തുടര്‍ന്ന് മാറ്റിവാങ്ങുന്നതിനായാണ് പെണ്‍കുട്ടി കടയിലെത്തിയത്. എന്നാല്‍ അങ്കിള്‍ എന്ന് വിളിച്ചതോടെ ഇയാള്‍ ക്ഷുഭിതനായി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നിഷ പ്രവേശിപ്പിച്ച ആശുപത്രി അധികൃതരുടെ പരാതി അനുസരിച്ചാണ് പോലിസ് കേസെടുത്തത്. പോലിസ് ഇടപെടലിനെ തുടര്‍ന്ന് നിഷയുടെ പിതാവും മോഹിത് കുമാറിനെതിരേ പരാതി നല്‍കിയിട്ടുണ്ട്.