എന്‍എസ്എസ് ആര്‍എസ്എസ്സിന്റെ വാലാകാന്‍ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി സിപിഎം

ആര്‍എസ്എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവല്‍ക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാന്‍ സമുദായ സംഘടനകള്‍ ശ്രമിക്കുന്നത്, അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താല്‍പ്പര്യത്തിന് എതിരായിരിക്കുമെന്ന് സുകുമാരന്‍ നായരെപ്പോലുള്ള നേതാക്കള്‍ മനസ്സിലാക്കണം.

Update: 2021-04-16 02:10 GMT

തിരുവനന്തപുരം: എന്‍എസ്എസ്സിനെ കടന്നാക്രമിച്ച് സിപിഎം. സമുദായ സംഘടനകളും ജനവിധിയും എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ എഴുതിയ ലേഖനത്തിലാണ് എന്‍എസ്എസ്സിനെ പേരെടുത്ത് വിമര്‍ശിച്ചത്. ആര്‍എസ്എസ്സിന്റെ പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാനാണ് എന്‍എസ്എസിന്റെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആര്‍എസ്എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവല്‍ക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാന്‍ സമുദായ സംഘടനകള്‍ ശ്രമിക്കുന്നത്, അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താല്‍പ്പര്യത്തിന് എതിരായിരിക്കുമെന്ന് സുകുമാരന്‍ നായരെപ്പോലുള്ള നേതാക്കള്‍ മനസ്സിലാക്കണം.

ഏതായാലും, നിയമസഭാ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ എന്‍എസ്എസ് നേതൃത്വം സ്വീകരിച്ച തെറ്റായ നിലപാടുകള്‍ തിരുത്തിക്കുന്ന സമീപനമായിക്കും ആ സമുദായത്തില്‍ നിന്നുണ്ടാകുക എന്നത് ഉറപ്പാണ്. നായര്‍ സമുദായത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തിരഞ്ഞെടുപ്പ് വേളയില്‍ സ്വീകരിച്ച നിലപാടുകളും വോട്ടെടുപ്പു ദിവസം നടത്തിയ പ്രതികരണവും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമുദായം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സമുദായ സംഘടനകളോട് ശത്രുതാപരമായ നിലപാട് ഒരുകാലത്തും സിപിഎം സ്വീകരിച്ചിട്ടില്ല. അവരോട് ഏറ്റുമുട്ടുക എന്നത് സിപിഎമ്മിന്റെ നയമല്ല. എന്നാല്‍, സുകുമാരന്‍ നായരുടെ അതിരുവിട്ട പ്രതികരണങ്ങള്‍ ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയമായിരുന്നുവെന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നൂവെന്ന് അവകാശപ്പെടുന്ന സമുദായം അതൊന്നും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനുമുമ്പില്‍ എന്‍എസ്എസ് ഉന്നയിച്ച ആവശ്യങ്ങളും പരാതികളും അനുഭാവപൂര്‍വം പരിഗണിക്കുകയാണുണ്ടായത്. ഇതു പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാക്കണം. ഒരു ജാതി-മത സംഘടനയുടെയും അനാവശ്യ സമ്മര്‍ദത്തിന് വഴങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നും അതുതന്നെയായിരിക്കും നിലപാട്. സമുദായ സംഘടനകള്‍ അവരുടെ പരിധിയില്‍നിന്ന് പ്രവര്‍ത്തിക്കട്ടെയെന്നും പരിധി വിടുമ്പോഴാണ് പ്രശ്‌നമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.


Tags:    

Similar News