ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ സിറിയയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി
സിറിയക്കെതിരായ ഇസ്രായേല്‍ ആക്രമണത്തെ ഒമാന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ അപലപിച്ചു.
ദമസ്‌കസ്: സിറിയയില്‍ ഞായറാഴ്ച രാത്രി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. 52ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മധ്യ സിറിയയില്‍ ഹമ പ്രവിശ്യയിലെ മസ്യാഫ് മേഖലയിലാണ് ആക്രമണം നടന്നത്. തീര നഗരമായ താര്‍തൂസിനടുത്തും ആക്രമണം ഉണ്ടായി.കൊല്ലപ്പെട്ടവരില്‍ ഏറെയും സിവിലിയന്‍മാരാണ് . ലബനാനിലെ ഹിസ്ബുല്ലക്ക് ആയുധവിതരണം നടക്കുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന വാദം ഇറാനും സിറിയയും നിഷേധിച്ചു. തെഹ്‌റാന്‍ പിന്തുണയുള്ള കേന്ദ്രം തകര്‍ത്തുവെന്ന ഇസ്രായേല്‍ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി പറഞ്ഞു. സിറിയക്കെതിരായ ഇസ്രായേല്‍ ആക്രമണത്തെ ഒമാന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ അപലപിച്ചു.
ഗസയില്‍ തുടരുന്ന ഇസ്രായേല്‍ ആക്രമണത്തിന് അറുതി വരുത്താന്‍ അറബ് മുസ്‌ലിം ലോകം കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. ഹമാസ് പിടിയിലുള്ള ആറ് അമേരിക്കന്‍ ബന്ദികളുടെ മോചനത്തിന് മധ്യസ്ഥ രാജ്യങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ പ്രത്യേക ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.