സബ് കലക്ടറുടെ നിരോധനത്തിന് പുല്ലുവില; ദലിത് കോളനിക്ക് സമീപത്തെ ക്വാറി ഇപ്പോഴും പ്രവർത്തിക്കുന്നു

നിരോധനം നിലനിൽക്കുന്ന ഈ ക്വാറിയിൽ ഹിറ്റാച്ചിയും ജെസിബിയും ഉപയോഗിച്ച് തടസ്സമില്ലാതെ പണി നടത്തുന്നതിനായി പഞ്ചായത്ത്-വില്ലേജ് അധികൃതരും ഒത്താശ നൽകുന്നുണ്ടെന്നും സമിതി പറഞ്ഞു.

Update: 2022-03-22 18:03 GMT

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ പ്രവർത്തിക്കുന്ന എ കെ ആർ ക്വാറിക്ക് പ്രവർത്തനാനുമതി സബ് കലക്ടർ റദ്ദാക്കിയിട്ടും നിർബാധം പ്രവർത്തനം തുടരുകയാണെന്ന ആരോപണവുമായി പ്രദേശത്തെ ക്വാറി വിരുദ്ധ സമിതി. കിളിമാനൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തോപ്പിൽ ദലിത് കോളനിക്കുള്ളിലാണ് ക്വാറിയും ക്രഷറും പ്രവർത്തിക്കുന്നത്.

2022 മാർച്ച് 15 നാണ് തിരുവനന്തപുരം സബ് കലക്ടർ എ കെ ആർ ക്വാറിയുടെ പ്രവർത്തനത്തിന് നിരോധനമേർപ്പെടുത്തിയത്. എന്നാൽ നിരോധനം ഏർപ്പെടുത്തിയിട്ടും കലക്ടറുടെ ഉത്തരവിന് പുല്ലുവില കൽപ്പിച്ച് ക്വാറി പ്രവർത്തിക്കുകയാണെന്ന് പ്രദേശത്തെ ക്വാറി വിരുദ്ധ സമിതിയായ ജനകീയ മുന്നേറ്റ സമിതി ആരോപിക്കുന്നു.

മാർച്ച് 16,17 തീയതികളിൽ പാറ പൊട്ടിക്കാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയാണ്. നിരോധനം നിലനിൽക്കുന്ന ഈ ക്വാറിയിൽ ഹിറ്റാച്ചിയും ജെസിബിയും ഉപയോഗിച്ച് തടസ്സമില്ലാതെ പണി നടത്തുന്നതിനായി പഞ്ചായത്ത്-വില്ലേജ് അധികൃതരും ഒത്താശ നൽകുന്നുണ്ടെന്നും സമിതി പറഞ്ഞു.

കിളിമാനൂർ എസ്ഐയെ ഫോണിൽ വിളിച്ചു ക്വാറിയുടെ നിയമവിരുദ്ധ പ്രവർത്തനം അറിയിച്ചപ്പോൾ ഉടനെ അന്വേഷിക്കാം എന്ന് പറഞ്ഞെങ്കിലും പതിവുപോലെ പണി തുടരുകയാണ്. കിളിമാനൂർ വില്ലേജ് ഓഫീസറെ ഫോണിലൂടെ അറിയിച്ചിട്ടുണ്ടെന്നും സമിതി പറയുന്നു. ഈ സാഹചര്യത്തിൽ ഇന്ന് കിളിമാനൂർ സിഐക്ക് വീണ്ടും പരാതി നൽകിയിരിക്കുകയാണെന്ന് സമിതി കൂട്ടിച്ചേർത്തു.

Similar News