മണ്ണ് വിട്ടുതരില്ല; രോഷാകുലരായി നാട്ടുകാര്‍, കൊല്ലത്ത് കല്ലിടല്‍ നിര്‍ത്തിവെച്ചു
പ്രതിഷേധ സ്ഥലത്ത് നിന്ന് മാറി കല്ലിടാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു.
കൊല്ലം: കൊല്ലം തഴുത്തലയില്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സില്‍വര്‍ലൈന്‍ കല്ലിടല്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ആറാട്ടുകുളം ക്ഷേത്രത്തിനുസമീപം കല്ലുമായി എത്തിയ വാഹനം പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. പേരയം ആറാട്ടുകുളം ക്ഷേത്രത്തിനുസമീപമാണ് വാഹനം തടഞ്ഞത്.
പ്രതിഷേധ സ്ഥലത്ത് നിന്ന് മാറി കല്ലിടാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതി അംഗങ്ങളും യുഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
സര്‍വേ കല്ലിടുന്നതിന് എതിരേ വ്യാപകമായ പ്രതിഷേധമാണ് ഇന്ന് കൊല്ലത്ത് നടന്നത്. കല്ലിടല്‍ ഉണ്ടാകുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. നടു റോഡില്‍ കഞ്ഞിവെച്ചും ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയുമാണ് സമരം തുടർന്നത്.