തിരുവില്വാമല പഞ്ചായത്ത് നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിന്; തൃശൂരിലെ ഏക പഞ്ചായത്തും ബിജെപിക്ക് നഷ്ടമായി
യുഡിഎഫ് സ്ഥാനാര്‍ഥി കെ പത്മജയാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
തൃശൂര്‍: ജില്ലയില്‍ ഭരത്തിലുണ്ടായിരുന്ന ഏക പഞ്ചായത്തും ബിജെപിയെ കൈവിട്ടു. തിരുവില്വമല ഗ്രാമപ്പഞ്ചായത്ത് ഭരണമാണ് ബിജെപിയുടെ കൈവിട്ട് പോയത്. അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ടതിന് പിന്നാലെ നടന്ന നറുക്കെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തു. വോട്ടെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ആറു വീതം വോട്ട് നേടി തുല്യത വന്നതോടെയാണു നറുക്കെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ പത്മജയാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
ബിജെപി, എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികള്‍ മത്സര രംഗത്തുണ്ടായിരുന്നു. ബിജെപിക്കും യുഡിഎഫിനും ആറു വീതം സീറ്റുകളാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. സിപിഐഎമ്മിന് അഞ്ച് സീറ്റുകളാണുള്ളത്.
എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി കൊണ്ടുവന്ന അവിശ്വാസത്തിലൂടെ ബിജെപി ഭരണസമിതിയെ പുറത്താക്കിയിരുന്നു. അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് സ്മിതാ സുകുമാരനായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ഥി.