വയനാട് പുനരധിവാസം: ആയിരം വീടുകള്‍ നിര്‍മിക്കും; മേല്‍നോട്ടത്തിന് ഉന്നതാധികാര സമിതി
ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ഒന്നാം ഘട്ടമായും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിലുള്ളവരെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും.
തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്ക് ആയിരം വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റും ഇതിനായി ഏറ്റെടുക്കുമെന്നും ടി സിദ്ദീഖ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കിഫ്ബിയുടെ നേതൃത്വത്തില്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ഡിസംബറില്‍ പൂര്‍ത്തിയാവും.
ദുരന്തത്തെ തുടര്‍ന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ മാത്രം 531 കോടി രൂപയാണ് വന്നത്. കെപിസിസിയും മുസ്ലിം ലീഗും ഡിവൈഎഫ്ഐയും തണലും അടക്കം നിരവധി സംഘടനകളും സ്ഥാപനങ്ങളും നിരവധി വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ടൗണ്‍ഷിപ്പിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയ ശേഷം അവരുമായും കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കും.
ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ഒന്നാം ഘട്ടമായും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിലുള്ളവരെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും. ഗുണഭോക്താക്കളുടെ കരട് പട്ടിക ജില്ലാ കലക്ടര്‍ പ്രസിദ്ധീകരിക്കും. റെവന്യു വകുപ്പ് വേണ്ട നടപടികള്‍ സ്വീകരിക്കും. പുനരധിവാസ പദ്ധതികളുടെ ഭാഗമായി വനിതകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും. കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ വേണ്ട സൗകര്യം നല്‍കും. വാടകക്കെട്ടിടങ്ങളില്‍ ഉള്ള കടക്കാരെയും സംരക്ഷിക്കും.
ദുരന്തത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളും വ്യക്തികളും കോടിക്കണക്കിന് രൂപ നല്കി. ഇതെല്ലാം പുനരധിവാസത്തിന് ഉപയോഗിക്കും. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ നിയമം പ്രകാരം ദുരിതബാധിതരുടെ വായ്പ്പകള്‍ എഴുതിത്തള്ളുന്നതില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് നിലപാട് തേടിയിട്ടുണ്ട്. കേരളത്തിന് അധികസഹായം നല്‍കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഹായം തേടി കേന്ദ്രസര്‍ക്കാരിന് നല്കിയ നിവേദനത്തിലെ ചില കണക്കുകളെ മാധ്യമങ്ങള്‍ വക്രീകരിച്ചത് അപലപനീയമാണ്.
വയനാട്ടില്‍ കനത്ത മഴ പെയ്യുമെന്നോ ഉരുള്പൊട്ടുമെന്നോ ഒരു കേന്ദ്ര ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. അതായത് ഒരു ഏജന്‍സിയും സര്‍ക്കാരിന് റെഡ് അലര്‍ട്ട് തന്നില്ല. ദുരന്ത പ്രവചന സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.