വാഷിങ്ടണ്‍: യുഎസില്‍ അഞ്ചാംപനി വ്യാപകമാവുന്നു. 2024ല്‍ ആകെ റിപോര്‍ട്ട് ചെയ്ത കേസുകളെക്കാള്‍ അധികം കേസുകള്‍ 2025ല്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം 285 പേര്‍ക്കാണ് അഞ്ചാംപനി ബാധിച്ചതെങ്കില്‍ 2025 മാര്‍ച്ച് 14 വരെ മാത്രം 320 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ടെക്‌സസ് സംസ്ഥാനത്ത് 259 പേര്‍ക്കാണ് രോഗം ബാധിച്ചത്. ന്യൂമെക്‌സിക്കോയില്‍ 35 പേര്‍ക്കും ഒക്‌ലഹോമയില്‍ രണ്ടു പേര്‍ക്കും രോഗം ബാധിച്ചു.
യുഎസില്‍ നിന്നും അഞ്ചാം പനിയെ നിര്‍മാര്‍ജനം ചെയ്തതായി 2000ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അതിനുശേഷവും രോഗബാധ റിപോര്‍ട്ട് ചെയ്തു. പക്ഷേ, ഇപ്പോള്‍ ഓരോ വര്‍ഷവും രോഗബാധ കൂടി വരുകയാണ്. ഒന്നു മുതല്‍ 17 വരെ വയസുള്ളവരിലാണ് രോഗം കൂടുതലായും വരുന്നത്. ടെക്‌സസിലെ 259 രോഗികളില്‍ 257 പേരും വാക്‌സിന്‍ എടുക്കാത്തവരായിരുന്നു. ന്യൂമെക്‌സിക്കോയിലെ 35 പേരില്‍ 33 പേരും വാക്‌സിന്‍ എടുത്തിരുന്നില്ല. കഴിഞ്ഞ മാസം ടെക്‌സസില്‍ മരിച്ച കുട്ടിയും വാക്‌സിന്‍ എടുത്തിരുന്നില്ല. മറ്റൊരാളുടെ മരണത്തില്‍ അന്വേഷണം നടക്കുകയാണ്.
കടുത്ത വാക്‌സിന്‍ വിരുദ്ധനായ യുഎസ് ഹെല്‍ത്ത് സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിന്റെ ആദ്യകാല പ്രചാരണങ്ങള്‍ ജനങ്ങളെ വാക്‌സിനുകള്‍ എടുക്കുന്നതില്‍ നിന്നും തടയുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. അഞ്ചാം പനിക്ക് ചികില്‍സ പോലും വേണ്ടെന്നാണ് റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ പറഞ്ഞിരുന്നത്. അതിനാല്‍ പലരും മീനെണ്ണ ഗുളികളാണ് കഴിക്കുന്നത്. രോഗം ഗുരുതരമാവുമ്പോളാണ് പലരും ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍, രോഗബാധ വ്യാപകമായതോടെയും മരണം റിപോര്‍ട്ട് ചെയ്തതോടെയും കെന്നഡി നിലപാട് മയപ്പെടുത്തി. വാക്‌സിന്‍ എടുക്കാമെന്ന് പടിഞ്ഞാറന്‍ ടെക്‌സസില്‍ വച്ച് കെന്നഡി പറഞ്ഞു.