പിറന്നാളിനും വിവാഹ വാര്‍ഷികത്തിനും അവധി, ആഴ്ചയില്‍ ഒരു ദിനം പൂര്‍ണ വിശ്രമം; പോലിസുകാര്‍ക്ക് ആശ്വാസമായി സ്റ്റാലിന്‍
ചെന്നൈ: തമിഴ്‌നാട്ടിലെ പോലിസുകാരുടെ ജോലി സമ്മര്‍ദം കുറക്കാന്‍ പുതിയ നടപടികളുമായി സ്റ്റാലിന്‍ സര്‍ക്കാര്‍. പോലിസുകാരില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നു എന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് പുതിയ നീക്കം.
ഇനി മുതല്‍ പിറന്നാളിനും വിവാഹ വാര്‍ഷികത്തിനും പോലിസുകാര്‍ക്ക് അവധിയെടുത്ത് കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാം. ഒപ്പം ആഴ്ചയില്‍ ഒരു ദിനം പൂര്‍ണമായും വിശ്രമിക്കാം. തമിഴ്‌നാട് ഡിജിപിയുടേതാണ് പുതിയ ഉത്തരവ്. സ്റ്റാലിന്‍ സര്‍ക്കാരിന്റെ ഈ നീക്കം വലിയ ആശ്വാസമാവുകയാണ്.
നിലവില്‍ ആഴ്ചയില്‍ ഒരു ദിനം അവധിയെടുക്കാമെങ്കിലും ജോലിത്തിരക്ക് കൊണ്ടും പല കാരണങ്ങള്‍ കൊണ്ടും ഇത് ലഭ്യമാകാറില്ല. പുതിയ ഉത്തരവ് പ്രകാരം ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും അവധിയെടുക്കാം. അത്തരം അപേക്ഷകള്‍ നിരസിക്കാന്‍ പാടില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
ഒപ്പം 10 ദിവസത്തെ കാഷ്വല്‍ ലീവ് 15 ദിവസമാക്കി ഉയര്‍ത്തി. ഉദ്യോഗസ്ഥര്‍ പിറന്നാള്‍, വിവാഹവാര്‍ഷിക ദിനങ്ങളില്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാനും നിര്‍ദേശമുണ്ട്. പരസ്പരം ആശംസകള്‍ അറിയിക്കണമെന്നും അവധിദിവസങ്ങളില്‍ ജോലി ചെയ്താല്‍ അധികവേതനം ഉറപ്പുവരുത്തുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഡിജിപി സി.ശൈലേന്ദ്ര ബാബുവിന്റെ ഉത്തരവ് വലിയ ആശ്വാസമാണ് പോലിസുകാര്‍ക്ക് നല്‍കുന്നത്.