ജാര്‍ഖണ്ഡ്: മുസ്‌ലിം ദമ്പതികള്‍ക്ക് പോലിസ് കസ്റ്റഡിയില്‍ ക്രൂരപീഡനം; രാത്രി മുഴുവന്‍ മര്‍ദ്ദനം, കാല്‍നഖങ്ങള്‍ പറിച്ചെടുത്തു (വീഡിയോ)
47 കാരനായ അമാനത്ത് ഹുസൈന്‍ എന്ന അധ്യാപകനും ഭാര്യ ഹസ്ര ബീഗത്തിനുമാണ് സ്റ്റേഷനില്‍വച്ച് ക്രൂരമായ മര്‍ദ്ദനം നേരിടേണ്ടിവന്നത്.
റാഞ്ചി: ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ മുസ്‌ലിം ദമ്പതികള്‍ക്ക് പോലിസ് കസ്റ്റഡിയില്‍ രാത്രി മുഴുവന്‍ ക്രൂരപീഡനം. 47 കാരനായ അമാനത്ത് ഹുസൈന്‍ എന്ന അധ്യാപകനും ഭാര്യ ഹസ്ര ബീഗത്തിനുമാണ് സ്റ്റേഷനില്‍വച്ച് ക്രൂരമായ മര്‍ദ്ദനം നേരിടേണ്ടിവന്നത്.
തന്റെ പാദങ്ങളിലെ നഖങ്ങള്‍ പറിച്ചെടുത്ത പോലിസുകാര്‍ ലാത്തികൊണ്ട് അടിച്ച് കാലുകള്‍ പൊട്ടിച്ചെന്നും ഭാര്യ ഹസ്ര ബീഗത്തിനേയും വെറുതെവിട്ടില്ലെന്നും അമാനത്ത് ഹുസൈന്‍ പറഞ്ഞു.
ബൊക്കാറോയിലെ ബാലിദിഹ് പോലിസ് സ്‌റ്റേഷനില്‍വച്ചാണ് മോഷണം ആരോപിച്ച് ഇരുവര്‍ക്കും ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. വ്യാഴാഴ്ച വൈകീട്ട് സ്റ്റേഷനില്‍നിന്നു തനിക്ക് സമന്‍സ് ലഭിച്ചതു പ്രകാരം താനും ഭാര്യയും ജ്യേഷ്ഠനും പോലിസ് സ്‌റ്റേഷനിലേക്ക് പോവുകയായിരുന്നുവെന്ന് അമാനത്ത് ഹുസൈന്‍ മക്തൂബ് മീഡിയയോട് പറഞ്ഞു. തുടര്‍ന്ന് തന്നെ ലോക്കപ്പിലിട്ട് ചോദ്യം ചെയ്തു.
'ചോദ്യം കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ വന്ന് താന്‍ ഇങ്ങനെയല്ല സംസാരിക്കുക എന്നു പറഞ്ഞ് തന്റെ കാലുകള്‍ ബന്ധിക്കുകയും ക്രൂരമര്‍ദ്ദനം അഴിച്ചുവിടുകയുമായിരുന്നു. കാലില്‍ നില്‍ക്കാന്‍ പറ്റാത്ത വിധം അവര്‍ എന്നെ അടിച്ചു. അവര്‍ എന്റെ കാലിലെ നഖം പറിച്ചെടുക്കുക പോലും ചെയ്തു.
झारखंड बोकारो के बालीडीह थाना क्षेत्र के रहने वाले 'अमानत हुसैन' का आरोप है कि पुलिस द्वारा उनके और उनकी पत्नी के साथ बर्बरतापूर्वक पेश आया गया, उन्हें बेरहमी से पीटा गया, यहाँ तक कि उनके पैरों के नाखून तक नोच दिए गए, जबकि उन्होंने कोई जुर्म नहीं किया है… pic.twitter.com/LDGttOCrg7
— Ashraf Hussain (@AshrafFem) January 1, 2022
-ഹുസൈന്‍ പറഞ്ഞു, 'എന്റെ കൂടെയുണ്ടായിരുന്ന എന്റെ ഭാര്യയെയും പോലിസുകാരും അവളുടെ മുടിയില്‍ പിടിച്ച് മര്‍ദിച്ചു'-രാത്രി മുഴുവന്‍ പീഡനം തുടര്‍ന്നു, ഇരുവരും മക്തൂബിനോട് പറഞ്ഞു.
അയല്‍വാസിയുടെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. മകളുടെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് പോയ അയല്‍വാസി ഹുസൈനോട് രാത്രി വീട്ടില്‍ ഉറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. രാത്രിയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഹുസൈന്‍ സ്വന്തംവീട്ടിലേക്ക് മടങ്ങുകയായിരുന്നു. അന്നുതന്നെ മോഷണം നടന്നു.
തനിക്കെതിരെ ഒരു തെളിവും പോലിസിന് ലഭിച്ചില്ലെങ്കിലും മോഷണക്കുറ്റം ചുമത്തിയതായി ഹുസൈന്‍ പറഞ്ഞു.
അധ്യാപകനായ ഹുസൈന്‍ തന്റെ ഗ്രാമമായ മഖ്ദൂംപൂരില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ സ്വഭാവ വൈശിഷ്ട്യത്തിന് ഗ്രാമീണര്‍ സാക്ഷ്യംവഹിക്കുന്നു. ഗ്രാമ മുഖ്യന്‍ പോലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇവരെ വിട്ടയച്ചത്.
ബലിദിഹ് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ നൂതന്‍ മോദി തന്നെയും ഭാര്യയെയും പീഡിപ്പിച്ചതായി ഹുസൈന്‍ ആരോപിച്ചു, അവളെയും ഈ പീഡനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ പോലീസുകാര്‍ക്കെതിരേയും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
'ബാലിദിഹ് പോലീസ് എന്നെയും എന്റെ ഭാര്യയെയും മനുഷ്യത്വരഹിതമായ രീതിയില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പീഡനം മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായിരുന്നു, അത് എന്റെ അന്തസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. തെറ്റ് ചെയ്ത എല്ലാ പോലീസുകാരെയും ബാലിദിഹ് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയെയും പുറത്താക്കണമെന്നും അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു. എസ്എച്ച്ഒയ്‌ക്കെതിരെയും എന്നെ പീഡിപ്പിച്ച എല്ലാ പോലീസുകാര്‍ക്കെതിരെയും നടപടിയെടുത്തില്ലെങ്കില്‍, ഞാനും എന്റെ കുടുംബവും പോലീസ് സൂപ്രണ്ടിന്റെ ഓഫിസിന് മുന്നില്‍ ആത്മഹത്യ ചെയ്യും. എന്റെ മരണത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കും,' ഹുസൈന്‍ ശനിയാഴ്ച പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
അതേസമയം, പീഡനം സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ബൊക്കാറോ ഡിഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചതായി ബാലിദിഹ് പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ നൂതന്‍ മോദി പറഞ്ഞു.
നേരത്തേയും ഈ പോലിസ് സ്‌റ്റേഷന് എതിരേ സമാനമായ ആരോപണമുയര്‍ന്നിരുന്നു.2020 മാര്‍ച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ പീഡനത്തിനിരയായത് ഏറെ വിവാദമായിരുന്നു.