ലോകാരോഗ്യ സംഘടന ചൈനയെ മാത്രം പരിഗണിക്കുന്നു; ഫണ്ട് നല്‍കുന്നത് നിര്‍ത്തുമെന്ന ഭീഷണിയുമായി ട്രംപ്

കൊവിഡിനെ നേരിടുന്നതില്‍ ഡബ്ല്യൂഎച്ച്ഒ സ്വീകരിക്കുന്ന നടപടികള്‍ തെറ്റാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

Update: 2020-04-08 03:33 GMT

വാഷിങ്ടണ്‍: കൊവിഡ് 19 ലോകത്ത് വന്‍ ഭീഷണിയായി പടര്‍ന്നുപിടിക്കുന്നതിനിടെ ലോകാരോഗ്യ സംഘടനയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയ്ക്കു മാത്രമാണ് ലോകാരോഗ്യ സംഘടന പരിഗണന നല്‍കുന്നതെന്ന് ട്രംപ് ആരോപിച്ചു. കൊവിഡിനെ നേരിടുന്നതില്‍ ഡബ്ല്യൂഎച്ച്ഒ സ്വീകരിക്കുന്ന നടപടികള്‍ തെറ്റാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

ലോകാരോഗ്യ സംഘടനയ്ക്ക് നിലവില്‍ വന്‍തുകയാണ് അമേരിക്ക നല്‍കിവരുന്നത്.എന്നാല്‍ യാത്രാ വിലക്ക് അടക്കമുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ സംഘടന രംഗത്തു വന്നു. അതിര്‍ത്തി അടയ്ക്കല്‍ അവര്‍ അംഗീകരിക്കുന്നില്ല. തെറ്റായ നടപടിയാണെന്നാണ് അവരുടെ നിലപാട്. അമേരിക്കയ്ക്ക് എതിരെയുള്ള നിലപാടാണ് ലോകാരോഗ്യസംഘടനയുടേത്. ചൈനയ്ക്ക് മാത്രമാണ് ലോകാരോഗ്യ സംഘടന പരിഗണ നല്‍കുന്നത്. ഈ നടപടിക്കെതിരേ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും ലോകാരോഗ്യ സംഘടനയ്ക്കു നല്‍കുന്ന പണം ഇനി നല്‍കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 5.8 കോടി ഡോളറാണ് പ്രതിവര്‍ഷം അമേരിക്ക ഡബ്യു.എച്ച്.ഒയ്ക്ക് നല്‍കുന്നത്.

കൊവിഡ് രോഗബാധ പ്രതിരോധിക്കുന്നതില്‍ ട്രംപ് ഭരണകൂടത്തിന് പറ്റിയ പിഴവുകള്‍ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചതാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. അമേരിക്കയില്‍ കൊവിഡ് രോഗബാധമൂലം സ്ഥിതി അതീവ ഗുരുതരമാണ്. അമേരിക്കയില്‍ മരണം 12,790 കടന്നു. ഇന്നലെ മാത്രം 1919 പേരാണ് മരിച്ചത്. മൊത്തം രോഗബാധിതരുടെ എണ്ണം മൂന്നേമുക്കാല്‍ ലക്ഷം പിന്നിട്ടു.  

Tags:    

Similar News