കാബൂള്‍ വിമാനത്താവള നടത്തിപ്പ്: താലിബാനുമായി തുര്‍ക്കി ചര്‍ച്ച നടത്തിയതായി ഉര്‍ദുഗാന്‍

അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നതിനുള്ള താലിബാന്റെ ക്ഷണം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Update: 2021-08-28 07:36 GMT

കാബൂള്‍: താലിബാനുമായി അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍വച്ച് ആദ്യ ചര്‍ച്ച നടത്തിയെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നതിനുള്ള താലിബാന്റെ ക്ഷണം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുര്‍ക്കി എംബസി താല്‍ക്കാലികമായി തമ്പടിച്ച കാബൂള്‍ വിമാനത്താവളത്തിലെ സൈനിക കേന്ദ്രത്തിലാണ് ചര്‍ച്ച നടന്നത്. താലിബാനുമായി തങ്ങള്‍ ആദ്യ ചര്‍ച്ച നടത്തി. ചര്‍ച്ച മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു. ആവശ്യമെങ്കില്‍, ഇതുപോലെയുള്ള കൂടിക്കാഴ്ചക്ക് ഇനിയും ഞങ്ങള്‍ക്ക് അവസരമുണ്ടെന്ന് ഉര്‍ദുഗാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സഖ്യ ദൗത്യത്തിന്റെ ഭാഗമായി നാറ്റോ അംഗ രാജ്യമായ തുര്‍ക്കിയുടെ നൂറുകണക്കിന് സൈനികര്‍ അഫ്ഗാനിലുണ്ടായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി വിമാനത്താവളത്തിന്റെ സരുക്ഷയ നിര്‍വഹിച്ചിരുന്നത് തുര്‍ക്കിയായിരുന്നു. അസ്ഥിരമായ മേഖലയില്‍ ആങ്കറയ്ക്ക് വെറുതെ നോക്കിനില്‍ക്കാന്‍ കഴിയില്ലെന്ന് താലിബാനുമായുള്ള തുര്‍ക്കി ഇടപെടലിനെതിരേ ഉയര്‍ന്ന ആഭ്യന്തര വിമര്‍ശനങ്ങള്‍ക്ക് ഉര്‍ദുഗാന്‍ മറുപടി പറഞ്ഞു.

അവരുടെ പ്രതീക്ഷയെന്താണെന്നും തങ്ങളുടെ പ്രതീക്ഷയെന്താണെന്നും പരസ്പരം ചര്‍ച്ച ചെയ്യാതെ അറിയാന്‍ കഴിയില്ല.ഇതാണ് നയതന്ത്രമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. കാബൂളിന്റെ തന്ത്രപ്രധാന വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കും നടത്തിപ്പിനും തുര്‍ക്കിക്ക് പദ്ധതിയുണ്ടായിരുന്നു.

എന്നാല്‍, ആങ്കറ ഈ ലക്ഷ്യം ഉപേക്ഷിച്ചതിന്റെ വ്യക്തമായ സൂചന നല്‍കി ബുധനാഴ്ച അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തുടങ്ങിയിരുന്നു. വിമാനത്താവളത്തിന്റെ സുരക്ഷ മേല്‍നോട്ടം വഹിക്കാന്‍ താലിബാന്‍ ആഗ്രഹിക്കുന്നുവെന്നും, അതേസമയം, ആങ്കറയ്ക്ക് നടത്തിപ്പിനുള്ള ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

വിമാനത്താവളത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് കാബൂളില്‍ ശാന്തത വീണ്ടെടുക്കണമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. അവര്‍ പറഞ്ഞു: 'തങ്ങള്‍ സുരക്ഷ ഉറപ്പാക്കും, നിങ്ങള്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തിപ്പിക്കുക'. ഈ വിഷയത്തില്‍ ഇതുവരെ ഒരു തീരുമാനവും കൈകൊണ്ടിട്ടില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

Tags:    

Similar News