യുഎസ് ഉപരോധത്തെ ഒട്ടും ഭയമില്ലെന്ന് തുര്‍ക്കി
യുഎസിന്റെ ഏകപക്ഷീയമായ ഉപരോധത്തെ തങ്ങള്‍ ഒട്ടും ഭയപ്പെടുന്നില്ല. ഏതെങ്കിലും ഉപരോധം കൊണ്ട് തുര്‍ക്കിയെ പിന്തിരിപ്പിക്കാനാവില്ല'-തുര്‍ക്കി വൈസ് പ്രസിഡന്റ് ഫുആദ് ഒക്ടെ പറഞ്ഞു.
ആങ്കറ: അമേരിക്കയുടെ ഏകപക്ഷീയമായ ഉപരോധത്തെ ഒട്ടും ഭയപ്പെടുന്നില്ലെന്ന് തുര്‍ക്കി വൈസ് പ്രസിഡന്റ്. 'എന്നത്തേയും പോലെ, രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി തങ്ങള്‍ സാമാന്യബുദ്ധിയുടെ പക്ഷത്ത് തുടരും. യുഎസിന്റെ ഏകപക്ഷീയമായ ഉപരോധത്തെ തങ്ങള്‍ ഒട്ടും ഭയപ്പെടുന്നില്ല. ഏതെങ്കിലും ഉപരോധം കൊണ്ട് തുര്‍ക്കിയെ പിന്തിരിപ്പിക്കാനാവില്ല'- പാര്‍ലമെന്റില്‍ 2021ലെ ബജറ്റ് ചര്‍ച്ചക്കിടെ തുര്‍ക്കി വൈസ് പ്രസിഡന്റ് ഫുആദ് ഒക്ടെ തന്റെ സമാപന പ്രസംഗത്തില്‍ പാര്‍ലമെന്റ് അംഗങ്ങളോട് പറഞ്ഞു.
ഉപരോധം അടിച്ചേല്‍പ്പിക്കുന്നതിനു പകരം തുര്‍ക്കിയുടെ സൗഹൃദത്തിലാവാനും ഒക്ടെ അമേരിക്കയെ ഉപദേശിച്ചു. 'തുര്‍ക്കിയെ ഒഴിവാക്കുന്ന ഓരോ രാജ്യത്തിനും ഈ മേഖലയില്‍ ഇടപെടാനുള്ള ഇടം കുറവായിരിക്കുമെന്നും അന്യായമായ ഉപരോധ തീരുമാനത്തെ അപലപിച്ച് ഒക്ടെ പറഞ്ഞു. ഉപരോധത്തിനെതിരേ തുര്‍ക്കി പാര്‍ലമെന്റ് കാണിച്ച ശക്തമായ ഇച്ഛാശക്തിയെ അദ്ദേഹം ഊന്നിപ്പറഞ്ഞു.
റഷ്യന്‍ നിര്‍മിത എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിനെതിരേ ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനം റദ്ദാക്കണമെന്ന് ബുധനാഴ്ച സംയുക്ത പ്രഖ്യാപനത്തില്‍ തുര്‍ക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. '2020 ഡിസംബര്‍ 14ന് പ്രഖ്യാപിച്ച യുഎസ് ഉപരോധ തീരുമാനം ഞങ്ങള്‍ നിരസിക്കുന്നു. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തുര്‍ക്കി ഒരിക്കലും മടിക്കില്ലെന്നും സംയുക്ത പ്രസ്താവന വ്യക്തമാക്കിയിരുന്നു.
റഷ്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎസ് തുര്‍ക്കിക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.