അഫ്ഗാനികളുടെ പുനരധിവാസത്തിന് മൂന്നാം രാജ്യങ്ങളെ ഉപയോഗിക്കാന്‍ യുഎസ് നീക്കം; കടുത്ത വിമര്‍ശനവുമായി തുര്‍ക്കി

20 വര്‍ഷം നീണ്ട അധിനിവേശത്തിന് ശേഷം അഫ്ഗാനില്‍നിന്ന് സൈന്യത്തെ സമ്പൂര്‍ണമായി പിന്‍വലിക്കുന്നത് പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ, അഫ്ഗാനിലെ ചില വിഭാഗങ്ങളെ യുഎസില്‍ അഭയാര്‍ത്ഥികളായി പുനരധിവസിപ്പിക്കാനുള്ള പദ്ധതി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്.

Update: 2021-08-04 14:53 GMT

ആങ്കറ: യുഎസ് ബന്ധത്തിന്റെ പേരില്‍ താലിബാന്‍ പോരാളികള്‍ നോട്ടമിട്ട ആയിരക്കണക്കിന് അഫ്ഗാനികളെ പുനരധിവസിപ്പിക്കാന്‍ തുര്‍ക്കി പോലുള്ള മൂന്നാം രാജ്യങ്ങളെ ഉപയോഗിക്കാനുള്ള യുഎസ് നീക്കത്തിനെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തി തുര്‍ക്കി. വാഷിങ്ടണ്‍ പദ്ധതി ഈ മേഖലയില്‍ വലിയ കുടിയേറ്റ പ്രതിസന്ധിക്ക് കാരണമാകുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കി.

20 വര്‍ഷം നീണ്ട അധിനിവേശത്തിന് ശേഷം അഫ്ഗാനില്‍നിന്ന് സൈന്യത്തെ സമ്പൂര്‍ണമായി പിന്‍വലിക്കുന്നത് പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ, അഫ്ഗാനിലെ ചില വിഭാഗങ്ങളെ യുഎസില്‍ അഭയാര്‍ത്ഥികളായി പുനരധിവസിപ്പിക്കാനുള്ള പദ്ധതി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്.

യുഎസ് സേനയില്‍ പ്രവര്‍ത്തിച്ച വ്യാഖ്യാതാക്കളെയും വിവര്‍ത്തകരെയും, യുഎസ് ധനസഹായമുള്ള പ്രോജക്റ്റുകളില്‍ ഉള്‍പ്പെട്ട അഫ്ഗാനികളെയും യുഎസ് ആസ്ഥാനമായുള്ള എന്‍ജിഒകളിലോ മാധ്യമ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവരാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട അഫ്ഗാനില്‍ സ്വന്തം നിലയില്‍ ഏതെങ്കിലും മൂന്നാം രാജ്യത്തെത്തി അവരുടെ അപേക്ഷ പ്രക്രിയ പൂര്‍ത്തിയാവുന്നത് വരെ അവിടെ 12 മുതല്‍ 14 മാസം വരെ കാത്തിരിക്കണമെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ചിട്ടുള്ളത്.

'കുടിയേറ്റക്കാരുടെ ഒഴുക്കിനെക്കുറിച്ച് യുഎസ് അയല്‍രാജ്യങ്ങളുമായി ചര്‍ച്ച നടത്തി വരികയാണ്. അഫ്ഗാനുമായുള്ള പാക് അതിര്‍ത്തികള്‍ തുറന്നിരിക്കേണ്ടത് പ്രധാനമാണ്. മറ്റുള്ളവര്‍ ഇറാന്‍ വഴി തുര്‍ക്കിയിലേക്ക് യാത്ര ചെയ്യാം'-ഒരു മുതിര്‍ന്ന സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'നിരുത്തരവാദപരമായ തീരുമാനം'

തുര്‍ക്കിയെ അഫ്ഗാനികളുടെ കുടിയേറ്റ പാതയാക്കാമെന്ന പരാമര്‍ശം തുര്‍ക്കി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച തള്ളിക്കളഞ്ഞു. ഇതിനകം 40 ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം,ഒരു മൂന്നാം രാജ്യത്തിന്റെ പേരില്‍ ഒരു പുതിയ കുടിയേറ്റ പ്രതിസന്ധി ഏറ്റെടുക്കില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

തങ്ങളുടെ രാജ്യവുമായി കൂടിയാലോചിക്കാതെ അമേരിക്ക എടുത്ത നിരുത്തരവാദപരമായ തീരുമാനം തങ്ങള്‍ അംഗീകരിക്കില്ല. ഈ ആളുകളെ തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെങ്കില്‍, വിമാനങ്ങളിലൂടെ അവരെ നേരിട്ട് അവരുടെ രാജ്യത്തേക്ക് മാറ്റാന്‍ കഴിയും'- മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

മൂന്നാം രാജ്യങ്ങളെന്ന തീരുമാനത്തിന്റെ ഫലമായി അനുഭവപ്പെടുന്ന കുടിയേറ്റ പ്രതിസന്ധികളുടെ ഭാരം തുര്‍ക്കി വഹിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലമെന്നും വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News