യുഎസിന്റെ സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട ഉപാധികളില്‍ യുഎസിന്റെ സഖ്യകക്ഷിയായ കുര്‍ദ് സഖ്യത്തേയും വൈപിജി സായുധസംഘത്തെയും തുര്‍ക്കി സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കണമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടണ്‍ ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കി ഭീകരസംഘടനയെന്ന നിലയില്‍ കരിമ്പട്ടികയില്‍പെടുത്തിയ സംഘടനകളാണിവ. തുര്‍ക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇബ്രാഹിം കലീനുമായ ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ജോണ്‍ ബോള്‍ട്ടണ്‍ ഈ ആവശ്യം ഉന്നയിച്ചത്. ഐഎസ് വിരുദ്ധ പോരാട്ടത്തില്‍ യുഎസിന്റെ പ്രധാന സഖ്യകക്ഷികളിലൊന്നായിരുന്നു വൈപിജി. വൈപിജിയുമായുള്ള ബന്ധത്തെ ചൊല്ലി തുര്‍ക്കിയും യുഎസും പലതവണ ഇടഞ്ഞിരുന്നു. തുര്‍ക്കി രാജ്യം വിഭജിച്ച് സ്വതന്ത്ര്യ കുര്‍ദിസ്താന്‍ വേണമെന്ന ആവശ്യവുമായി മൂന്നു പതിറ്റാണ്ടിലേറെയായി പോരാടുന്ന കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഉപസംഘടനയായാണ് വൈപിജിയെ തുര്‍ക്കി നോക്കി കാണുന്നത്.
കഴിഞ്ഞ മാസമാണ് സിറിയയില്‍നിന്നു 2000 സൈനികരെ തിരിച്ചുവിളിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഐഎസിനെ തുടച്ചുനീക്കുന്നതില്‍ സൈന്യം വിജയിച്ചതായും അദ്ദേഹം വ്യക്തമാക്കിയുരന്നു. എന്നാല്‍, ട്രംപിന്റെ ഉത്തരവിനെതിരേ പെന്റഗണ്‍ ഉദ്യോഗസ്ഥരും സഖ്യരാജ്യങ്ങളും കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു.