ഇരട്ട സഹോദരിമാരും സഹപാഠികളും വീടുവിട്ടത് പ്രണയം എതിര്‍ത്തപ്പോള്‍
ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികള്‍ കോയമ്പത്തൂര്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനോട് വെളിപ്പെടുത്തിയത്
പാലക്കാട്: ആലത്തൂരിലെ ഇരട്ട സഹോദരിമാരും സഹപാഠികളുമായ നാല് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ നാടു വിട്ടത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാല്‍. തങ്ങള്‍ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികള്‍ കോയമ്പത്തൂര്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനോട് വെളിപ്പെടുത്തിയത്. പോലിസിന്റെ പിടിയിലാകുമ്പോള്‍ കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും കോയമ്പത്തൂര്‍ ആര്‍പിഎഫ് പറഞ്ഞു.കുട്ടികള്‍ നാടുവിട്ട് പോയത് ഗെയിം കളിക്കാനാണെന്നായിരുന്നു കേരളാ പോലിസ് നേരത്തെ വിശദീകരിച്ചത്.
ഫ്രീ ഫയര്‍ മൊബൈല്‍ ഗെയിം നാല് പേരെയും സ്വാധീനിച്ചിരുന്നുവെന്നും നാല് പേരും ഗെയിമില്‍ ഒരു സ്‌ക്വാഡ് ആയിരുന്നുവെന്നുമാണ് സഹപാഠികളെ ചോദ്യം ചെയ്ത ശേഷം പോലിസിന്റെ നിഗമനം. ഫ്രീ ഫയര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയതെന്നും പോലിസ് അറിയിച്ചിരുന്നു. ഇവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ നിഗമനത്തിലെത്തിയത്. എന്നാല്‍ തങ്ങള്‍ സഹപാഠികളുമായി പ്രണയത്തിലായിരുന്നുവെന്ന ഇരട്ട സഹോദരിമാരുടെ വെളിപ്പെടുത്തല്‍ കോരളപോലിസിന്റെ വാദം ശരിയല്ലെന്ന് തെളിയിക്കുന്നു.
കഴിഞ്ഞ ആഴ്ച പാലക്കാട് ആലത്തൂരില്‍ നിന്നും വീടുവിട്ടിറങ്ങിയ നാല് കുട്ടികളെ കോയമ്പത്തൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്നാം തിയ്യതിയാണ് ഇവരെ വീട്ടില്‍ നിന്നും കാണാതായത്.സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലിസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. പൊള്ളാച്ചിയില്‍ നിന്ന് കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ഇവര്‍ തമിഴ്‌നാട്ടിലുണ്ടെന്ന് മനസ്സിലായത്. പരിസര പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും അപ്പോഴേക്കും കുട്ടികള്‍ അവിടെ നിന്നും പോയി. നാലുപേരുടെയും ചിത്രങ്ങള്‍ വച്ചുള്ള പോസ്റ്റര്‍ അടക്കം തമിഴ്‌നാട്ടില്‍ പ്രചരിപ്പിച്ചാണ് പിന്നീട് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്.