തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു
വെഞ്ഞാറമൂട് തേമ്പാമൂട് ജംഗ്ഷനില്‍ വച്ചായിരുന്നു കൊലപാതകം.
തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാംമൂട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു. മിഥിലാജ്(32), ഹഖ് മുഹമ്മദ്(25) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ പോയ ഇരുവരെയും തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. മിതിലാജ് ഡിവൈഎഫ്‌ഐ തേവലക്കാട് യൂനിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സിപിഎം കലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമാണ്. വെഞ്ഞാറമൂട് തേമ്പാമൂട് ജംഗ്ഷനില്‍ വച്ചായിരുന്നു കൊലപാതകം. ഹഖ് മുഹമ്മദിനെ തേമ്പാംമൂട് ഉള്ള വീട്ടിലേക്ക് കൊണ്ടുവിടാന്‍ എത്തിയതായിരുന്നു മിഥിലാജ്.
ഇടത്തെ നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തലയ്ക്കും മുഖത്തും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റ ഹഖ് മുഹമ്മദ് വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സംഭവത്തിന് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് റൂറല്‍ എസ്പി ബി അശോകന്‍ പറഞ്ഞു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനിടയിലെ കലാശക്കൊട്ട് മുതല്‍ ആരംഭിച്ച രാഷ്ട്രീയ സംഘര്‍ഷം ആണ് ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വെള്ളി സജീവിനെ നേതൃത്വത്തിലുള്ള സംഘം ആണ് കൊലപാതകം നടത്തിയത്.
പ്രതികള്‍ക്കെതിരെ വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലും പരിസരപ്രദേശത്തും നിരവധി കേസുകള്‍ നിലവിലുണ്ട്. രണ്ടു മാസങ്ങള്‍ക്കു മുമ്പ് ഡിവൈഎഫ്‌ഐ നേതാവ് ഫൈസലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലില്‍ കഴിഞ്ഞ് ജാമ്യത്തില്‍ ഇറങ്ങിയവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ഒരു ബുള്ളറ്റ് ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പിടിയിലായതായും പോലിസ് പറഞ്ഞു. മരുതുംമൂട് സ്വദേശി നജീബ് ആണ് പിടിയിലായവരില്‍ ഒരാള്‍.