എഫ്-35 യുദ്ധവിമാന വില്‍പ്പന: യുഎഇ-ഇസ്രായേല്‍ ഉദ്യോഗസ്ഥ കൂടിക്കാഴ്ച റദ്ദാക്കി

Update: 2020-08-26 04:14 GMT

അബൂദബി: അമേരിക്കന്‍ നിര്‍മിത എഫ്-35 ജെറ്റ് വിമാനങ്ങള്‍ അബൂദബിക്ക് വില്‍ക്കുന്നതിനെതിരേ ഇസ്രായേലില്‍ പ്രതിഷേധമുയര്‍ന്നതിനു പിന്നാലെ യുഎഇ-ഇസ്രായേല്‍-യുഎസ് ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച റദ്ദാക്കി. ഇസ്രായേലില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഈയാഴ്ച നടക്കാനുള്ള കൂടിക്കാഴ്ച റദ്ദാക്കിയതെന്നാണു സൂചന. ഈ മാസം ആദ്യം ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ചര്‍ച്ച നടക്കാനിരിക്കെയാണ് നടപടി. യുഎഇയിലേക്ക് യുഎസ് നിര്‍മിത എഫ്-35 യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നതിനെച്ചൊല്ലി ഇസ്രായേലിലെ സൈനിക-രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നു ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ, ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള നയം നടപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന നെതന്യാഹുവിന്റെ പ്രസ്താവനയാണ് യുഎഇയെ ചൊടിപ്പിച്ചതെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

    ഇസ്രായേല്‍ ഇതിനകം അമേരിക്കയില്‍ നിന്നു എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. എന്നാല്‍, യുഎഇ പോലുള്ള സഖ്യകക്ഷികളായ അറബ് രാജ്യങ്ങള്‍ക്ക് പോലും ഏറ്റവും പുതിയ യുഎസ് നിര്‍മിത ആയുധങ്ങള്‍ വില്‍ക്കുന്നത് തടയുന്നതിലൂടെ മേഖലയില്‍ സൈനിക മേധാവിത്വം നിലനിര്‍ത്താനാണ് ഇസ്രായേലിന്റെ നീക്കമെന്നും യുഎഇ വിലയിരുത്തുന്നു. അതേസമയം, എഫ്-35 യുഎഇ വില്‍പ്പനയെ ചൊല്ലിയുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നു പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളി. നെതന്യാഹുവിന്റെ അഭിപ്രായത്തില്‍ പ്രതിഷേധിച്ചാണ് ന്യൂയോര്‍ക്കില്‍ നടത്താനിരുന്ന യുഎഇ-ഇസ്രായേല്‍-അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ത്രിരാഷ്ട്ര കൂടിക്കാഴ്ച റദ്ദാക്കിയതെന്ന് അബൂദബിയില്‍ നിന്നും പ്രതികരിച്ചതെന്നു വാര്‍ത്താ ഏജന്‍സിയായ വാല റിപോര്‍ട്ട് ചെയ്തു.

    യുഎഇ-ഇസ്രായേല്‍ കരാര്‍ പ്രോല്‍സാഹിപ്പിക്കാനായി തിങ്കളാഴ്ച ഇസ്രായേല്‍ സന്ദര്‍ശിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഈ ആഴ്ച അവസാനം അബൂദബിയിലെത്തുമെന്നും അറബ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. ചര്‍ച്ചയെ തുടര്‍ന്ന് പോംപിയോ ജറുസലേമില്‍ നെതന്യാഹുവുമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, യുഎഇയുമായി ഞങ്ങള്‍ക്ക് 20ലേറെ വര്‍ഷത്തെ ബന്ധമുണ്ടെന്നും അവിടെ ഞങ്ങള്‍ സാങ്കേതിക സഹായവും സൈനിക സഹായവും നല്‍കിയിട്ടുണ്ടെന്നും അത് തുടരുമെന്നും പറഞ്ഞിരുന്നു. പോംപിയോ അബൂദബി സന്ദര്‍ശനത്തിനു ശേഷം ബഹ്റയ്ന്‍, സുഡാന്‍ എന്നിവയും സന്ദര്‍ശിക്കും. ഇസ്രായേലുമായി ധാരണയുണ്ടാക്കിയ യുഎഇ നടപടിക്കെതിരേ ഫലസ്തീനിലും അറബ് ലോകത്തും തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.

UAE cancelled meeting with Israel officials over F-35 row


Tags:    

Similar News