കൊച്ചി: ഉര്‍വ്വശിയും പാര്‍വ്വതി തിരുവോത്തും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ക്രിസ്റ്റോ ടോമിയുടെ മലയാള ചിത്രം 'ഉള്ളൊഴുക്ക്' അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ലൈബ്രറിയില്‍ ഇടം നേടി. ഇന്ത്യയില്‍ നിന്ന് വളരെ ചുരുക്കം സിനിമകള്‍ മാത്രമാണ് ലൈബ്രറിയുടെ ശേഖരത്തിലേക്ക് ഇടം പിടിച്ചിട്ടുള്ളത്.
ലോകത്തിലെ വിവിധ ഭാഷകളിലുള്ള മികച്ച സിനിമകളുടെ തിരക്കഥകള്‍ സൂക്ഷിക്കുന്ന ഈ ലൈബ്രറിയില്‍ ഇംഗ്ലീഷ് ഭാഷയില്‍ തയ്യാറാക്കിയ ഉള്ളൊഴുക്കിന്റെ തിരക്കഥ പിഡിഎഫ് രൂപത്തില്‍ സ്ഥാനം പിടിച്ച വാര്‍ത്ത സംവിധായകന്‍ ക്രിസ്റ്റോ ടോമിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഈ ലൈബ്രറിയിലെ തിരക്കഥകള്‍ പഠന വിധേയമാക്കാം. ലൊസാഞ്ചലസില്‍ അക്കാദമിയുടെ മാര്‍ഗരറ്റ് ഹെറിക് ലൈബ്രറിയിലെ റീഡിങ് റൂമില്‍ ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള പ്രമുഖ തിരക്കഥകള്‍ക്കൊപ്പം പഠനത്തിനും റഫറന്‍സിനുമായി ഉള്ളൊഴുകിന്റെ തിരക്കഥയും ലഭ്യമാകും.
ഈ വര്‍ഷം ജൂണില്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തിലൂടെ പാര്‍വ്വതിയും ഉര്‍വ്വശിയും മികച്ച രീതിയിലുള്ള അഭിനയമാണ് കാഴ്ച്ച വെച്ചത്. മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ സിനിമക്ക് ലഭിച്ചിട്ടുണ്ട് . ഉര്‍വ്വശി മികച്ച നടിയായും അര്‍ജുന്‍ രാധാകൃഷ്ണന് ശബ്ദം നല്‍കിയ റോഷന്‍ മാത്യു മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ജയദേവന്‍ ചക്കാടത്ത് മികച്ച ശബ്ദലേഖകനായുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. സുഷിന്‍ ശ്യാമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.