ഏക സിവില്‍ കോഡ്: വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള ഭരണകക്ഷിയുടെ തന്ത്രം- എം കെ ഫൈസി

Update: 2022-04-27 09:58 GMT

ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുനേടാനുള്ള ഭരണകക്ഷിയുടെ ചൂണ്ടയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ആയിരക്കണക്കിന് വ്യത്യസ്ത സാംസ്‌കാരിക, വംശീയ, മത, ഭാഷാ വിഭാഗങ്ങള്‍ അവരുടെ സ്വന്തം ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്ന വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. ഈ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവരുടെ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഏകീകരിക്കുന്നത് പ്രായോഗികമോ അഭികാമ്യമോ അല്ല. 'മുസ്‌ലിംകളെ മാത്രമേ ബാധിക്കുകയുള്ളൂ' എന്ന ചിന്താഗതിക്ക് എന്തിനും വര്‍ഗീയമായി മലിനീകരിക്കപ്പെട്ട ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ വിപണി മൂല്യമുണ്ടെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

മുസ്‌ലിംകളെ പാഠം പഠിപ്പിക്കാനുള്ള മറ്റൊരു ഉപാധിയാണ് ഏക സിവില്‍ കോഡെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. വാസ്തവത്തില്‍ ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നത് മുസ്‌ലിംകളെയല്ല, താഴ്ന്ന ജാതിയിലെ ഹിന്ദുക്കളെയും ആദിവാസികളെയുമായിരിക്കും. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള സമുദായങ്ങള്‍ ആസ്വദിക്കുന്ന വ്യക്തിനിയമങ്ങള്‍ വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം മുതലായവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്. വിവിധ മതവിഭാഗങ്ങള്‍, വ്യത്യസ്ത ഹിന്ദു ജാതികള്‍, ആദിവാസികള്‍ തുടങ്ങിയവര്‍ക്കെല്ലാം അവരുടേതായ ആചാരങ്ങളുണ്ട്.

നിര്‍ദിഷ്ട ഏക സിവില്‍ കോഡിന്റെ സ്വഭാവത്തെക്കുറിച്ചും ഈ വൈവിധ്യമാര്‍ന്ന ആചാരങ്ങളെ എങ്ങനെ ഏകീകരിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ലെന്നും എം കെ ഫൈസി പറഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷമായി രാജ്യത്ത് ഒരു വികസനവും കൊണ്ടുവരാന്‍ ദയനീയമായി പരാജയപ്പെട്ട ഫാഷിസ്റ്റുകള്‍ തങ്ങളുടെ പരാജയം മറച്ചുപിടിക്കാന്‍ ഇത്തരം കുതന്ത്രങ്ങള്‍ ഉപയോഗിച്ച് ശ്രമിക്കുകയാണ്. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തെ രാജ്യത്ത് നാനാത്വത്തം നിലനിര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും എതിര്‍ക്കേണ്ടതുണ്ടെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News