അന്യായ ജപ്തി: ഇടതുസര്‍ക്കാരിന്റെ അനാസ്ഥ മറച്ചുപിടിക്കാന്‍- വിമന്‍ ഇന്ത്യാ മൂവ്മെന്റ്

Update: 2023-01-24 11:06 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ധൃതിപിടിച്ച് അന്യായമായ ജപ്തി നടപടിയിലേക്ക് നീങ്ങിയത് ഇടതു സര്‍ക്കാരിന്റെ അനാസ്ഥ മറച്ചുപിടിക്കാനാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനാളുകളെ അറസ്റ്റു ചെയ്ത് റിമാന്റ് ചെയ്യുകയും അവരില്‍ നിന്ന് കോടതി നിശ്ചയിച്ച നഷ്ടം ഈടാക്കിയ ശേഷം ജാമ്യം നല്‍കുകയുമായിരുന്നു. ഹര്‍ത്താലിലുണ്ടായ നഷ്ടം ഉടന്‍ ഈടാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചപ്പോള്‍ റിമാന്‍ഡിലായവര്‍ തുക കെട്ടിവച്ച കാര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ ഇടതു സര്‍ക്കാര്‍ പരാജയപ്പെട്ടു. നിരവധി ഹര്‍ത്താലുകള്‍ വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളും മതസംഘടനകളും കേരളത്തില്‍ നടത്തിയിട്ടുണ്ട്. ഹര്‍ത്താല്‍ നഷ്ടം ഈടാക്കാനെന്ന പേരില്‍ ഇപ്പോള്‍ നടത്തുന്ന ജപ്തി നടപടികള്‍ സംസ്ഥാനത്ത് ആദ്യത്തേതാണ്. ആര്‍എസ്എസ്സിന് ദാസ്യവേല ചെയ്ത് ഭരണം നിലനിര്‍ത്തേണ്ട ഗതികേടിലാണ് സംസ്ഥാന സര്‍ക്കാര്‍. അവര്‍ നല്‍കുന്ന പട്ടിക പ്രകാരമാണ് മുസ്‌ലിംകളുടെ സ്വത്തുക്കള്‍ ഇപ്പോള്‍ കണ്ടുകെട്ടുന്നത്. മനുഷ്യാവകാശങ്ങളെ കാറ്റില്‍ പറത്തി തികഞ്ഞ മാടമ്പിത്തരമാണ് കാട്ടിക്കൂട്ടുന്നത്. ഹര്‍ത്താലില്‍ പങ്കെടുക്കാത്തരുടെയും ഹര്‍ത്താലിന് മാസങ്ങള്‍ക്കുമുമ്പ് ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ പാലക്കാട്ടെ എലപ്പുളി മുഹമ്മദ് സുബൈറിന്റെയും ഉള്‍പ്പടെയുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ഒരു പിഴവായി കണ്ടുകൂടാ. വര്‍ഷങ്ങളായി വിദേശത്തു ജോലി ചെയ്യുന്നവരുടേതുള്‍പ്പെടെ സ്വത്തുക്കള്‍ കണ്ടെത്തിയിരിക്കുകയാണ്. ഈ വികലമായ പട്ടിക തയ്യാറാക്കിയതിനു പിന്നില്‍ വംശീയതയും വിവേചനവുമാണ്. ഇരയോടൊപ്പം കരയുകയും വേട്ടക്കാരനോടൊപ്പം ഓടുകയും ചെയ്യുകയാണ് ഇടതു സര്‍ക്കാര്‍.

വൃദ്ധ മാതാപിതാക്കളെയും അനാഥ മക്കളുള്‍പ്പെടെ പറക്കമുറ്റാത്ത കുരുന്നുകളെയും പെരുവഴിയിലിറക്കി വിട്ട് വീട് ജപ്തി ചെയ്യുന്ന കിരാതമായ നടപടി ഭരണകൂട ഭീകരതയാണ്. ഉത്തരേന്ത്യയില്‍ ഫാഷിസ്റ്റ് സര്‍ക്കാരുകള്‍ തുടരുന്ന ബുള്‍ഡോസര്‍ രാജിന് സമാനമാണ് ഇടതു സര്‍ക്കാരിന്റെ ജപ്തി നടപടി. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ച് വിവേചനപരമായും വംശീയമായും മുന്‍വിധിയോടെ പട്ടിക തയ്യാറാക്കിയ ആഭ്യന്തര-റെവന്യൂ ഉദ്യോഗസ്ഥരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിയും റെവന്യൂ മന്ത്രിയും കാണിക്കണമെന്നും സുനിത നിസാര്‍ ആവശ്യപ്പെട്ടു.

Similar News